മഹാബലിപുരം ഹരിത വിനോദസഞ്ചാര കേന്ദ്രമാകും; ഗ്രീൻ ഡെസ്റ്റിനേഷൻസുമായി ധാരണാപത്രം ഒപ്പുവച്ച് അമൃത
1480792
Thursday, November 21, 2024 6:36 AM IST
കൊല്ലം: ഇന്ത്യയിലെ ആദ്യത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി മാറാനൊരുങ്ങി മഹാബലിപുരം. നെതർലാന്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഡെസ്റ്റിനേഷൻസുമായി മാതാ അമൃതാനന്ദമയി മന്ദിർ ട്രസ്റ്റ് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു.
ലോക പൈതൃക വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ കേന്ദ്ര സാംസ്കാരിക - ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിധ്യത്തിലാണ് മാതാ അമൃതാനന്ദമയി മന്ദിർ ട്രസ്റ്റ് പ്രോജക്ട് ഡയറക്ടർ മഹേഷ് ഗോപാലകൃഷ്ണൻ, ഗ്രീൻ ഡെസ്റ്റിനേഷൻസ് പ്രസിഡന്റ് ആൽബർട്ട് സൽമാൻ എന്നിവർ ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
80 ലധികം രാജ്യങ്ങളിൽ സസ്റ്റൈനബിൾ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഗ്രീൻ ഡെസ്റ്റിനേഷൻസ്. ജിഎസ്ടിസി (ഗ്ലോബൽ സസ്റ്റൈനബിൾ ടൂറിസം കൗൺസിൽ) യുടെ അംഗീകാരമുള്ള ഗ്രീൻ ഡെസ്റ്റിനേഷൻസുമായി സഹകരിക്കുന്നതിലൂടെ ദക്ഷിണേഷ്യയിലെ ആദ്യത്തെ ലോക പൈതൃക കേന്ദ്രമായി മഹാബലിപുരം മാറും.
ഗ്രീൻ ഡെസ്റ്റിനേഷൻസ് ടാഗ് ലഭിക്കുന്നതോടെ തമിഴ്നാടിന്റേയും ഇന്ത്യയുടേയും ടൂറിസം രംഗത്തെ നാഴികക്കല്ലായി മഹാബലിപുരം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്ഡിജി (സസ്റ്റൈനബിൾ ഡെവലപ്പ്മെന്റ് ഗോൾസ്) നിർദേശങ്ങൾ പാലിച്ച് സംസ്കാരവും പൈതൃകവും അതേപടി നിലനിർത്തി ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടുകയെന്ന മഹാബലിപുരത്തിന്റെ സ്വപ്നമാണ് ഗ്രീൻ ഡെസ്റ്റിനേഷൻസ് ടാഗ് ലഭിക്കുന്നതോടെ യാഥാർഥ്യമാകാൻ പോകുന്നത്.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിൽ ലോക പൈതൃക വാരാഘോഷത്തിന്റേയും ഹെറിറ്റേജ് ക്ലബ്, ബി റോളേഴ്സ് ക്ലബ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് നിർവഹിച്ചു. അമൃത സ്കൂൾ ഓഫ് സ്പിരിച്വൽ ആന്ഡ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പൽ അച്യുതാമൃത ചൈതന്യ, സിഐആർ വിഭാഗം മേധാവി വിശ്വനാഥാമൃത ചൈതന്യ, എൻജിനീയറിംഗ് വിഭാഗം ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, ബിനോജ്, ഡോ. എം നിധീഷ്, ഗ്രീൻ ഡെസ്റ്റിനേഷൻസ് സിഇഒ മഹാദേവൻ പരശുരാമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി.