വിജയലക്ഷ്മിയുടെ കൊലപാതകം : കേസ് അമ്പലപ്പുഴ പോലീസിന് കൈമാറും
1480794
Thursday, November 21, 2024 6:36 AM IST
കൊല്ലം: യുവതിയെ കൊന്ന് കുഴിച്ചിട്ട കേസില്‍ അറസ്റ്റിലായ പ്രതി അമ്പലപ്പുഴ കരൂര്‍ പുതുവല്‍ സ്വദേശി ജയചന്ദ്രനെ(58) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുലശേഖരപുരം സ്വദേശിയായ വിജയലക്ഷ്മിയുടെ (48) മൃതദേഹമാണ് ജയചന്ദ്രന്റെ വീടിനുസമീപത്തെ പുരയിടത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്നത് കരൂരിലായതിനാല് കേസിന്റെ തുടരന്വേഷണം അമ്പലപ്പുഴ പോലിസിന് കൈമാറുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.
വിജയലക്ഷ്മിയെ കാണാതായത് സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പോലീസ് നടത്തിയ അതിവേഗ നീക്കത്തിലൂടെയാണ് പ്രതിയിലേക്കെത്തിയത്.
എന്നാല്‍, അവസാനനിമിഷം വരെ അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കങ്ങള്‍ പ്രതി ജയചന്ദ്രന് നടത്തിയതായി പോലീസ് പറഞ്ഞു. മൃതദേഹം പുറത്തെടുക്കുന്നതുവരെ പ്ലെയര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല നടത്തിയെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
എന്നാല്‍, മൃതദേഹം പരിശോധിച്ചപ്പോള്‍ തലയ്ക്ക് പിറകില്‍ നിരവധി വെട്ടേറ്റ പാടുകള്‍ കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് വെട്ടുകത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചത്. ഒരു ഫോണ്‍ കോള്‍ വന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന പ്രതിയുടെ വാദം പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
യുവതിയെ വിളിച്ചു വരുത്തി ബോധപൂര്‍വം കൊലപാതകം നടത്തിയതാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.വിജയലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി എറണാകുളത്ത് എത്തി കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ബസില്‍ ഉപേക്ഷിച്ചത് ഉള്‍പ്പെടെയുള്ള നീക്കങ്ങളും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.വിജയലക്ഷ്മിയുടെ സംസ്കാരം കേരളത്തിന് പുറത്തുള്ള സഹോദരങ്ങള്‍ കൂടി എത്തിയശേഷം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.