സംസ്ഥാന സ്കൂൾ കായിക മേള: ഏരൂർ ഗ്രാമത്തിന്റെ അഭിമാനമായി ശ്രീനാഥ്
1481123
Friday, November 22, 2024 6:37 AM IST
അഞ്ചല്‍: സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ വെങ്കലമെഡൽ നേടിയ ശ്രീനാഥ് ഏരൂർ ഗ്രാമത്തിന്റെ അഭിമാനമാകുന്നു. കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ സബ് ജൂണിയർ വിഭാഗത്തിൽ 4x100 മീറ്റര്‍ റിലേ മല്‍സരത്തില്‍ വെങ്കല മെഡൽ നേടിയാണ് ശ്രീനാഥ് ഏരൂർ ഗ്രാമത്തിന്റെ അഭിമാനമായത്.
ഏരൂർ നടുക്കുന്നുംപുറം ഷീജ ഭവനില്‍ ഷിജു ,ഷീജ ദമ്പതികളുടെ മകനായ ശ്രീനാഥ് തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ചാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്തത്. ജില്ലാ സ്കൂൾ മീറ്റിൽ 100,200 മീറ്റർ റിലേ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചാണ് സംസ്ഥാന തലത്തിൽ മത്സരിക്കാൻ ശ്രീനാഥ് യോഗ്യത നേടിയത്.
ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രീനാഥ്. യൂണിവേഴ്സിറ്റി ക്രോസ് കൺട്രി ടീം അംഗമായിരുന്ന പിതാവ് ഷിജുവിന്റെ പരിശീലനത്തിലാണ് ശ്രീനാഥ് കായികരംഗത്തേക്ക് കടന്നുവന്നത്. പരിശീലനത്തിനായി നല്ല ഗ്രൗണ്ടോ ട്രാക്കോ ഇല്ലാതിരുന്നിട്ടും മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനത്ത് എത്തി വെങ്കല മെഡൽ നേടിയ ശ്രീനാഥിന് അഭിനന്ദന പ്രവാഹമാണിപ്പോൾ. ആറ്റിങ്ങൽ സർക്കാർ സ്പോർട്സ് ഹോസ്റ്റലിൽ നിന്നാണ്ശ്രീനാഥ് പഠിക്കുന്നത്.
മൂത്ത സഹോദരനും പ്ലസ് വൺ വിദ്യാർഥിയുമായ ശ്രീ വിനായകും കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്തിരുന്നു.
പിതാവിന്റെപാത പിന്തുടർന്ന് കായിക രംഗത്ത് കേരളത്തിന്റെ താരങ്ങൾ ആകാനുള്ള തയാറെടുപ്പിലാണ് ശ്രീനാഥും,ശ്രീ വിനായകും. പൂർണപിന്തുണയുമായി അച്ഛനും അമ്മയും അടങ്ങുന്ന കുടുംബാംഗങ്ങളും ഒപ്പമുണ്ട്.