പുളിങ്കോട് മുടിപ്പുരയിലെ മോഷണം; പ്രതികൾ പിടിയിൽ
1481128
Friday, November 22, 2024 6:37 AM IST
കാട്ടാക്കട: പൂവച്ചൽ പുളിങ്കോട് മുടിപ്പുര ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലെ പ്രതിയെയും ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചയാളെയും പോലീസ് പിടികൂടി.
മോഷണം നടത്തി മണിക്കൂറിനുള്ളിലായിരുന്നു പോലിസ് ഇവരെ പിടികൂടിയത്. വെള്ളറട വാടകക്ക് താമസിക്കുന്ന രാമചന്ദ്രൻ(67)നെയും ഇയാള് മോഷ്ടിച്ച സ്വർണം വിൽക്കാനും പണയം വയ്ക്കാനും സഹായിച്ച പേരേക്കോണം ചെട്ടിക്കുന്ന് റോഡരിക്കത്തു വീട്ടിൽ ജോണി(51)യെയുമാണ് കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘം അറസ്റ്റുചെയ്തത്.
ബുധനാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിലെ ഓഫീസ് മുറി കുത്തി തുറന്ന് 54 സ്വർണ പൊട്ടുകൾ, ഒന്നര പവൻ മാല,10 താലി, നേർച്ച ഉരുപ്പടികൾ, പിടി പണം(കിഴി പണം) ഉൾപ്പെടെ പ്രതികൾ കവർന്നു.
ബുദ്ധനാഴ്ച ഉച്ചയോടെ തന്നെ പിടികൂടിയ മോഷ്ടാവിനെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുത്തു. തുടർന്ന് രാത്രിയോടെ പ്രതിയെ സഹായിച്ച ജോണിനെയും പോലിസ് പിടികൂടി. ഇത് മൂന്നാം തവണയാണ് ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. സമീപത്തെ ഒരു വീട്ടിലും സംഭവ ദിവസം മോഷണം നടത്താനുള്ള ശ്രമം പ്രതി നടത്തിയിട്ടുണ്ട്.
ഇവിടെ വീടിന്റെ സിറ്റൗട്ടിൽ എത്തി തിരികെ പോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.