കൊട്ടാരക്കര താലൂക്കാശുപത്രി : വഴിമുടക്കിയായി വഴിയുടെ നടുവിലെ പൈപ്പ് തൂൺ
1481127
Friday, November 22, 2024 6:37 AM IST
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുതിയ കവാടത്തിനു മുന്നിലെ പൈപ്പ് തൂൺ വഴിമുടക്കുന്നു. തെരുവ് വിളക്ക് സ്ഥാപിക്കാൻ മുൻപ് നാട്ടിയ പൈപ്പാണ് വഴിമുടക്കി നിൽക്കുന്നത്.
കെട്ടിടങ്ങൾ നിർമിച്ച് വഴിയൊരുക്കിയിട്ട് ഒരു വർഷമായെങ്കിലും വാഹനങ്ങൾ ഇതു വഴി പോകാൻ കഴിയുന്നില്ല. വഴിക്കു നടുവിൽ നിൽക്കുന്ന പൈപ്പിന് പ്രത്യേക ഉപയോഗമില്ല. പൈപ്പിൽ കേബിൾ ചുറ്റി കടന്നുപോകുന്നുണ്ട്. ഇത് നിസാരമായി ഇളക്കിമാറ്റാനാകും. ആംബുലൻസ് അടക്കം കടന്നുപോകാനാണാണ് രണ്ടാംവഴി നിർമിച്ചത്.
താലൂക്ക് ആശുപത്രിയിൽ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. വിവിധ കെട്ടിടങ്ങളുടെ നിർമാണ ജോലികൾ പുരോഗമിക്കുന്നു. ദേശീയ പാതയോരത്തായി അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയിട്ട് ഏറെക്കാലമായി. ഈ ബ്ളോക്കിനോട് ചേർന്നാണ് പുതിയ വഴി നിർമിച്ചത്.
നിലവിലെ പ്രവേശന കവാടത്തിന് സമീപത്താണ് പുതിയ കവാടവും. ഇടയ്ക്ക് ഒരു കെട്ടിടത്തിന്റെ അകലമുണ്ടെന്നുമാത്രം. നഗരസഭയ്ക്ക് നീക്കം ചെയ്യാമെങ്കിലും ആരും മുൻകൈയെടുക്കുന്നില്ല. ഇതോടെ രണ്ടാം വഴി നിർമിച്ചത് വെറുതെയായി.