കേരള കോൺഗ്രസ്-എം തീരദേശ സംരക്ഷണയാത്ര ഒന്നുമുതൽ
1546406
Tuesday, April 29, 2025 12:57 AM IST
വെള്ളരിക്കുണ്ട്: കടലാവകാശം കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യമുയർത്തി കേരള കോൺഗ്രസ്-എമ്മിന്റെ നേതൃത്വത്തിൽ നടത്തുന്ന തീരദേശ സംരക്ഷണ യാത്രയ്ക്ക് മേയ് ഒന്നിന് കാസർഗോഡ് ബീച്ചിൽ നിന്ന് തുടക്കമാകും. പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.
യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താനായി വെള്ളരിക്കുണ്ടിൽ ചേർന്ന കേരള കോൺഗ്രസ്-എം ജില്ലാ ഭാരവാഹികളുടെ യോഗം യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു.
പാർട്ടി ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ബിജു തൂളിശേരി, ഷിനോജ് ചാക്കോ, സിജി കട്ടക്കയം, ബാബു നെടിയകാല, ജോസ് കാക്കക്കൂട്ടുങ്കൽ, ജോയ് മൈക്കിൾ, മാത്യു കാഞ്ഞിരത്തിങ്കൽ, അഭിലാഷ് മാത്യു, ജോജി പാലമറ്റം, ടോമി മണിയൻതോട്ടം എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിലിന്റെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിച്ചു.