മാസ്റ്റേഴ്സ് മീറ്റിൽ വീണ്ടും മെഡൽത്തിളക്കവുമായി ശ്രുതിയും ബിജുവും
1546399
Tuesday, April 29, 2025 12:57 AM IST
കരിന്തളം: മാസ്റ്റേഴ്സ് കായികമേളകളിൽ വീണ്ടും മെഡൽത്തിളക്കവുമായി കരിന്തളത്തെ ദമ്പതികളായ ശ്രുതിയും ബിജുവും. എറണാകുളം ന്യൂ മഹാരാജാസ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന കേരള ഫസ്റ്റ് ഓപ്പൺ നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് ഇരുവരും വീണ്ടും നേട്ടം കൈവരിച്ചത്. ശ്രുതി 3000 മീറ്റർ നടത്തമത്സരത്തിൽ സ്വർണമെഡലും ബിജു 10000 മീറ്റർ, 5000 മീറ്റർ ഓട്ടമത്സരങ്ങളിൽ വെള്ളി മെഡലുമാണ് നേടിയത്.
നേരത്തേ കൊളംബോയിൽ നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിലും ശ്രുതി 5000 മീറ്റർ നടത്തത്തിൽ സ്വർണവും ബിജു 5000 മീറ്റർ ഓട്ടത്തിൽ വെള്ളിയും നേടിയിരുന്നു. ഹൈദരബാദിൽ നടന്ന അഖിലേന്ത്യാ മാസ്റ്റേഴ്സ് മീറ്റിൽ ഇരുവരും സ്വർണമെഡൽ നേടിയിരുന്നു. ഇപ്പോൾ ഏഷ്യൻ മീറ്റിലും ലോക മീറ്റിലും പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.
റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനായ പി.വി. ബിജു ഇപ്പോൾ ഏഴിമല നാവിക അക്കാദമിയിലെ എൻജിനിയറിംഗ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ്. അധ്യാപികയായും ഗ്രന്ഥശാല പ്രവർത്തകയായും ജോലിചെയ്തിട്ടുള്ള ശ്രുതി ഭർത്താവിന്റെ പ്രേരണയോടെയാണ് കായികരംഗത്തെത്തിയത്. സ്കൂൾ വിദ്യാർഥികളായ മക്കൾ ജീനയും സഞ്ജനയും ഇരുവരുടെയും കായികനേട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്.