കർണാടക വൈദ്യുതി മുടങ്ങിയാൽ മഞ്ചേശ്വരം ഇരുട്ടിലാകും
1546400
Tuesday, April 29, 2025 12:57 AM IST
മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞ മൂന്നുവർഷത്തിനിടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് കോടികളുടെ പദ്ധതികളാണ്. പക്ഷേ എല്ലാം കടലാസിലൊതുങ്ങി. ഇപ്പോഴും മഞ്ചേശ്വരം മേഖലയെ സംസ്ഥാനത്തെ പ്രധാന വൈദ്യുത ലൈനുകളുമായി ബന്ധിപ്പിക്കാൻപോലും നടപടിയായിട്ടില്ല. കർണാടകയിൽ നിന്നുള്ള വൈദ്യുതി മുടങ്ങിയാൽ ഇവിടെ മണിക്കൂറുകൾ നീളുന്ന ലോഡ് ഷെഡിംഗായിരിക്കും ഫലം. കഴിഞ്ഞ മാർച്ചിൽ പരീക്ഷക്കാലത്ത് മഞ്ചേശ്വരത്തുകാർ അത് അനുഭവിച്ചറിഞ്ഞതാണ്.
ഉപ്പളയിൽ 33 കെവി സബ്സ്റ്റേഷൻ അനുവദിച്ചിട്ട് നാളേറെയായിട്ടും അത് സ്ഥാപിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പോലും എങ്ങുമെത്തിയില്ല. കുമ്പള, സീതാംഗോളി സെക്ഷൻ ഓഫീസുകൾക്കും ഇതുവരെ സ്വന്തം കെട്ടിടമായിട്ടില്ല. ഈ സെക്ഷനുകൾക്ക് കീഴിൽ വിവിധയിടങ്ങളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ട്രാൻസ്ഫോർമറുകളും ത്രീഫേസ് ലൈനുകളും സ്ഥാപിക്കാൻ നേരത്തേ തീരുമാനമെടുത്തെങ്കിലും അതിനുള്ള നടപടികളൊന്നുമായിട്ടില്ല.
മഞ്ചേശ്വരം മണ്ഡലത്തിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ 42.39 കോടി രൂപ അനുവദിച്ചതായി മൂന്നുവർഷം മുമ്പ് എ.കെ.എം. അഷ്റഫ് എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയായി വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. വോർക്കാടിയിലും ഉപ്പളയിലും സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പക്ഷേ പ്രഖ്യാപനമല്ലാതെ കാര്യമായ തുടർനടപടികളൊന്നും ഉണ്ടായില്ല.
2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ കേന്ദ്രപദ്ധതിയായ ആർഡിഎസ് എസിൽ ഉൾപ്പെടുത്തി പുതിയ പ്രസരണ ലൈനുകളും കേബിളുകളും സ്ഥാപിക്കുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. 15 കോടിയുടെ പദ്ധതികൾ നടപ്പിലാക്കിയതായി അധികൃതർ പറയുമ്പോഴും അതിന്റെ ഫലങ്ങളൊന്നും കാണാനില്ല. ഉപഭോക്താക്കളുടെ എണ്ണവും വൈദ്യുതി ഉപഭോഗവും കൂടിവരുന്നതിനനുസരിച്ച് കുബന്നൂർ 110 കെവി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമറിന്റെ ശേഷി വർധിപ്പിക്കുന്ന ജോലിയും പ്രാരംഭ ഘട്ടത്തിൽ നിൽക്കുകയാണ്.
വെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സെക്ഷനുകളുടെ പരിധിയിൽ അടുത്ത മൂന്നു വർഷത്തിനിടയിൽ 200 കോടിയോളം രൂപയുടെ പ്രവൃത്തികൾ നടപ്പിലാക്കുമെന്നാണ് ഏറ്റവും ഒടുവിലുണ്ടായ പ്രഖ്യാപനം. ഇതും പഴയപടിയാവില്ലേയെന്നാണ് ഉപഭോക്താക്കളുടെ ചോദ്യം.
സെക്ഷൻ ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരോ നിർമാണ സാമഗ്രികളോ പോലും ഇല്ലാത്ത അവസ്ഥയാണ്. മിക്കയിടങ്ങളലും വോൾട്ടേജ് ക്ഷാമം ഇപ്പോഴും രൂക്ഷമായി തുടരുന്നു. ഇത്തരത്തിലുള്ള അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കാതെയാണ് അധികൃതർ പിന്നെയും വൻകിട പദ്ധതികൾക്ക് പിന്നാലെ പോകുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു.