കാലം മാറിയപ്പോൾ കാഴ്ചവസ്തുക്കളായി മഴവെള്ള സംഭരണികൾ
1546398
Tuesday, April 29, 2025 12:57 AM IST
കാസർഗോഡ്: പെയ്തുവീഴുന്ന മഴവെള്ളം വെറുതേ ഒഴുകിപ്പോകാൻ വിടാതെ സംഭരിച്ചുവയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആദ്യമായി ബോധോദയമുണ്ടായ കാലത്താണ് നാട്ടിലെ സ്കൂളുകളിലും സർക്കാർ ഓഫീസുകളിലുമെല്ലാം മഴവെള്ള സംഭരണികൾ നിർമിച്ചത്. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ പെയ്തുവീഴുന്ന വെള്ളമെല്ലാം തൊട്ടടുത്തായി നിർമിച്ച വലിയ സിമന്റ് ടാങ്കിൽ സംഭരിച്ച് ഉപയോഗക്ഷമമാക്കുകയായിരുന്നു ലക്ഷ്യം. മഴവെള്ളം ഫിൽട്ടർ ചെയ്ത് ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനവും മിക്കവാറും സംഭരണികളിൽ ഉണ്ടാക്കിയിരുന്നു.
പിന്നീട് സ്വകാര്യ കെട്ടിടങ്ങൾക്ക് നമ്പർ കിട്ടണമെങ്കിൽ മഴവെള്ള സംഭരണികൾ നിർമിക്കണമെന്നത് നിർബന്ധമായി. പല തദ്ദേശസ്ഥാപനങ്ങളിലും സർക്കാരിന്റെ സബ്സിഡിയോടെ വീടുകളിൽ പോലും മഴവെള്ള സംഭരണികൾ നിർമിച്ചു.
കാലം മാറിയപ്പോൾ ആശയവും പ്രയോഗരീതികളും മാറി. പറമ്പുകളിലും കിണറുകൾക്കും കുഴൽകിണറുകൾക്കും സമീപത്തായും മണ്ണിൽ തന്നെ മഴക്കുഴികൾ നിർമിച്ച് മഴവെള്ളം മണ്ണിലേക്ക് ഇറങ്ങിപ്പോകാൻ അനുവദിക്കുകയെന്നതാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്ന രീതി. ഇതോടെ ഇരുപതോ അതിലധികമോ വർഷങ്ങൾക്കു മുമ്പ് നിർമിച്ച ഫെറോസിമന്റ് മഴവെള്ള സംഭരണികൾ മിക്കയിടങ്ങളിലും വെറുതേ സ്ഥലം കളയുന്ന കാഴ്ചവസ്തുക്കളായി.
നിർമിച്ച കാലത്തുതന്നെ ഇവ ഉപയോഗപ്പെട്ടത് വളരെ കുറച്ചാണ്. എത്ര വലിയ ടാങ്കായാലും കെട്ടിടങ്ങളുടെ മേൽക്കൂരയിലെ വെള്ളമത്രയും സംഭരിച്ചാൽ ചുരുങ്ങിയ കാലത്തിനുള്ളിൽ നിറയുമെന്ന കാര്യം ഉറപ്പാണ്. സംഭരിക്കുന്ന വെള്ളം മണ്ണിലേക്കിറങ്ങിപ്പോകുന്നതിനുള്ള സംവിധാനം ഇവയിൽ വളരെ പരിമിതമായിരുന്നു. നിർമാണത്തിലെ അപാകതയും അകത്തെ വെള്ളത്തിന്റെ സമ്മർദവും മൂലം ചുരുങ്ങിയ കാലത്തിനുള്ളിൽ പലതിനും വിള്ളൽ വീഴുകയും ചെയ്തു.
ഇതോടെ സ്കൂളുകളിലും മറ്റും സുരക്ഷിതത്വം കണക്കിലെടുത്ത് ഇവയിൽ വെള്ളം സംഭരിക്കുന്നത് അവസാനിപ്പിച്ചു. പല സ്കൂളുകളിലും പിന്നീട് ഒരു വശം പൊളിച്ച് അകത്തേക്ക് കടക്കാൻ വഴിയുണ്ടാക്കി ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള വിറകും മറ്റും സൂക്ഷിക്കാനുള്ള ഇടമായി ഇതിനെ മാറ്റിയ സംഭവങ്ങൾ പോലും ഉണ്ടായി. വീടുകളിൽ നിർമിച്ച മഴവെള്ള സംഭരണികളിൽ പലതും പമ്പ് ഹൗസും ശുചിമുറിയും തേങ്ങയും അടയ്ക്കയും സൂക്ഷിക്കുന്ന ഇടവും കോഴിക്കൂടുമൊക്കെയായി രൂപം മാറി.
ഇപ്പോൾ പല സ്കൂളുകളുടെയും അങ്കണവാടികളുടെയും പഞ്ചായത്ത് ഓഫീസുകളുടെയും സമീപം എന്തിനുവേണ്ടിയെന്നറിയാതെ മഴവെള്ള സംഭരണികൾ അവശേഷിക്കുന്നുണ്ട്. ചിലയിടങ്ങളിൽ മറ്റു വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചുനീക്കി. അവശേഷിക്കുന്ന ഇടങ്ങളിലും ഇവ മഴവെള്ള സംഭരണത്തിനായി ഉപയോഗിക്കുന്നത് തീർത്തും വിരളമാണ്.
ജില്ലാ പഞ്ചായത്ത് മുതൽ ഗ്രാമപഞ്ചായത്തുകൾ വരെ സ്വജൽധാര, രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി, ജലനിധി എന്നിങ്ങനെ വിവിധ ജലസംരക്ഷണ പദ്ധതികളുടെ പേരിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ചതാണ് ഇവയെല്ലാം. ചെലവാക്കിയ പണത്തിനൊത്ത പ്രയോജനം ഇവയിൽ നിന്ന് കിട്ടിയോ എന്ന ചോദ്യം മാത്രം ഉത്തരമില്ലാതെ അവശേഷിക്കുന്നു.