പന്നിക്കെണിയില്‍ ചവിട്ടിയപ്പോള്‍ സ്ഫോടനം: യുവാവിന് പരിക്ക്
1546397
Tuesday, April 29, 2025 12:57 AM IST
മഞ്ചേശ്വരം: പന്നിക്കെണിയില്‍ ചവിട്ടിയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്റെ ഇടതുകാലിന്റെ പിന്തുടയില് ആഴത്തില്‍ മുറിവേറ്റു. വോര്‍ക്കാടി പാത്തൂരിലെ സവാദിനാണ് (23) പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.
സവാദ് ഒരു അടയ്ക്ക വ്യാപാരിയുടെ കടയിലാണ് ജോലി ചെയ്യുന്നത്. കാജെയിലെ എകെഎം അറബിക് കോളജിനും കര്‍ണാടകയിലെ വിട്ടലയിലേക്കുള്ള ഗുവേതപഡ്പു-ബക്കര്ബെയ്ല് റോഡിനും ഇടയിലുള്ള കാടിനുള്ളില്‍ സവാദിന്റെ സുഹൃത്ത് ഫൈസല്‍ ഒരു ടോര്‍ച്ച് ലൈറ്റ് കണ്ടിരുന്നു. ഇതു പരിശോധിക്കാന്‍ ഇയാള്‍ തന്റെ സുഹൃത്തുക്കളെ വിളിച്ചു. ഒരു കിലോമീറ്റര്‍ അകലെയുള്ള ബക്കര്ബെയ്ല് ജംഗ്ഷനില്‍നിന്ന് സവാദ് ഉള്‍പ്പെടെ നാലുപേര്‍ രണ്ടു ബൈക്കുകളില്‍ എത്തി. അവര്‍ കാട്ടിലേക്ക് കയറി നിമിഷങ്ങള്‍ക്കുള്ളില്‍ വലിയ സ്ഫോടനം ഉണ്ടായി.
പരിക്കേറ്റ സവാദിനെ മംഗളൂരു ദെര്‍ളക്കട്ടയിലെ കെ.എസ്.ഹെഗ്ഡെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പന്നിക്കെണിയാണ് വില്ലനെന്ന് മനസിലായത്.
പ്രദേശത്തെ മരത്തില്‍ തോക്കിന്റെ രൂപത്തിലുള്ള ആയുധം കെട്ടിവച്ച നിലയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെനിന്നും 2.5 കിലോമീറ്റര്‍ അകലെയാണ് കര്‍ണാടക.
കര്‍ണാടകയില്‍ നിന്നുള്ള വേട്ടക്കാരാണോ കെണിവെച്ചതെന്നും സംശയമുണ്ട്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം കാട്ടുപന്നി ഒരു ഓട്ടോറിക്ഷയില്‍ ഇടിച്ചിരുന്നു.