തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ വാഹനമോഷണം പതിവാകുന്നു
1546403
Tuesday, April 29, 2025 12:57 AM IST
തൃക്കരിപ്പൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹനമോഷ്ടാക്കളുടെ സ്വൈര്യ വിഹാരം. പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങൾ കള്ളത്താക്കോൽ ഉപയോഗിച്ച് കടത്താനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. ദിവസങ്ങൾക്കുള്ളിൽ നാലു വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം നടന്നു. കഴിഞ്ഞദിവസം തൃക്കരിപ്പൂർ വൈക്കത്ത് സ്വദേശിയും കാസർഗോഡ് സിവിൽ പോലീസ് ഓഫീസറുമായ യുവാവിന്റെ ബൈക്ക് മോഷ്ടിക്കാനും ശ്രമം നടന്നിരുന്നു.
ട്രെയിനിറങ്ങി ബൈക്ക് എടുക്കാൻ നോക്കുന്പോഴാണ് താക്കോൽ പഴുതിൽ മോഷ്ടാക്കൾ ഇട്ടു പൊട്ടിയ കള്ളത്താക്കോൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. മെക്കാനിക്കിനെ കൊണ്ടുവന്ന് അതു മാറ്റിയാണ് ബൈക്കെടുക്കാനായത്. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന് സമീപം പഴയ പോസ്റ്റ് ഓഫീസിന് മുന്നിലെ ബൈക്ക് പാർക്കിംഗ് ഏരിയയിലാണ് പകൽ സമയം വാഹന മോഷ്ടാക്കൾ വിലസുന്നത്. ഇരുചക്ര വാഹനങ്ങളുടെ ബാറ്ററി ബോക്സ് തകർത്താണ് പുത്തൻ ബാറ്ററികൾ മോഷ്ടിച്ചത്.
കഴിഞ്ഞദിവസം കാസർഗോഡ് ഇലക്ട്രിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന തങ്കയം സ്വദേശി സി. പ്രകാശന്റെ ബൈക്കിന്റെ ബാറ്ററി ബോക്സ് തകർത്താണ് ബാറ്ററി കൊണ്ടുപോയത്. ഈയ്യക്കാട്ടെ സ്വർണാഭരണത്തൊഴിലാളി ചന്ദ്രന്റെ ബൈക്കിന്റെ ബാറ്ററിയും മോഷ്ടിക്കപ്പെട്ടിരുന്നു. സ്പെഷൽ എഡ്യുക്കേറ്റർ കരിവെള്ളൂർ കുണിയൻ സ്വദേശിനി വി.കെ. അമ്പിളിയുടെ സ്കൂട്ടറിലെ ബാറ്ററിയും മോഷ്ടിച്ചു. മോഷ്ടാക്കളെ കണ്ടെത്താൻ പോലീസ് അധികൃതർ കർശന ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാർ പറയുന്നത്.