ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം ദേശീയ അവാര്‍ഡ് കൂട്ടായ്മയുടെ വിജയം: കളക്ടര്‍
1546405
Tuesday, April 29, 2025 12:57 AM IST
കാസര്‍ഗോഡ്: ആസ്പിരേഷണല്‍ ബ്ലോക്ക് വിഭാഗത്തില്‍ പൊതുഭരണമികവിനുള്ള പ്രധാനമന്ത്രിയുടെ 2024ലെ പുരസ്കാരം പരപ്പ ബ്ലോക്ക് പഞ്ചായത്തിന് നേടാന്‍ സാധിച്ചത് വലിയൊരു കൂട്ടായ്മയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പരപ്പ ബ്ലോക്കിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആദരവ് നല്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ-പോഷകം, വിദ്യാഭ്യാസം, അടിസ്ഥാന, സാമൂഹിക സൗകര്യങ്ങള്‍, കാര്‍ഷികം എന്നീ സൂചകങ്ങള്‍ വിവരശേഖരണം നടത്തി, 500 ബ്ലോക്കുകളിലായി മൂല്യനിര്‍ണയം ആരംഭിച്ച് ഓരോ ഘട്ടങ്ങളിലും റാങ്ക് ലിസ്റ്റ് തയാറാക്കി. 2023 ജൂണില്‍ 463 സ്ഥാനത്തായിരുന്ന പരപ്പ ബ്ലോക്ക് ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് മികവ് തെളിയിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ഈസ്റ്റ് എളേരി, കള്ളാര്‍, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, വെസ്റ്റ് എളേരി, പനത്തടി എന്നീ പഞ്ചായത്ത് ഭരണസമിതികളെയും പഞ്ചായത്തിന് കീഴില്‍ വരുന്ന ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപികമാര്‍, ഡോക്ടര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ എന്നിവരെയും കളക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു.
ആരോഗ്യമേഖലയില്‍ രണ്ടുമാസം കൊണ്ട് 825 ആരോഗ്യക്യാമ്പുകള്‍ സംഘടിപ്പിക്കാനും പങ്കാളിത്തം കൊണ്ട് ക്യാമ്പ് വിജയിപ്പിക്കാനും സാധിച്ചു. രാത്രികാലങ്ങളിലും നടത്തിയ ക്യാമ്പില്‍ വാര്‍ഡ് മെംബര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം കൂടി ചേര്‍ത്തു. പ്രവര്‍ത്തനകാലയളവില്‍ ഏഴു പഞ്ചായത്തില്‍ മൂന്നു പഞ്ചായത്തുകള്‍ ടിബി രഹിതമായതും ആരോഗ്യ മേഖലയില്‍ എടുത്തു പറയാവുന്ന നാഴികക്കല്ലുകളാണ്.
കൂടാതെ അങ്കണവാടികളുടെയും ആശാവര്‍ക്കര്‍മാരുടെയും ഓക്സിലറി ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനഫലമായി 98 ശതമനം ആദ്യ ത്രൈമാസത്തില്‍ ഉള്ള ഗര്‍ഭിണികളെയും രജിസ്റ്റര്‍ ചെയ്യാനും എല്ലാ അങ്കണവാടികള്‍ക്ക് കുടിവെള്ളമെത്തിക്കാനും ഗര്‍ഭിണികള്‍ക്കും അങ്കണവാടി കുട്ടികള്‍ക്കും ഉള്ള ന്യൂട്രിഷണല്‍ ഫുഡ് നല്‍കാനും പ്രവര്‍ത്തന ഫലമായി സാധിച്ചിട്ടുണ്ട്.
പരപ്പ ബ്ലോക്ക് ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി മൂന്നരക്കോടി രൂപ നീതി ആയോഗില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. അതില്‍ ഒന്നരകോടിയുടെ പദ്ധതികള്‍ 55 സബ് സെന്ററുകള്‍ ആയി തുടങ്ങാന്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. റിവോള്‍വിംഗ് ഫണ്ട് വിതരണത്തിനായി 1712 അക്കൗണ്ടുകള്‍ തുറന്നു.
500 ബ്ലോക്ക് പഞ്ചായത്തുകള്‍ അപേക്ഷ സമര്‍പ്പിച്ച് 30 ബ്ലോക്കുകളിലായി നടന്ന ആദ്യ ലെവല്‍ സ്ക്രീനിംഗ് മുതല്‍ വലിയൊരു കടമ്പ കടന്നാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്ത് എത്തിയതെന്നും കളക്ടര്‍ അറിയിച്ചു. പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മിക്ക് ജില്ലാ കളക്ടര്‍ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ആദരപത്രം സമര്‍പ്പിച്ചു