കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് രണ്ടുമുതല്‍
1546401
Tuesday, April 29, 2025 12:57 AM IST
കാസര്‍ഗോഡ്: ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി മേയ് രണ്ടു മുതല്‍ കന്നുകാലികള്‍ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നു. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ ആറാംഘട്ടം രണ്ടു മുതല്‍ 23 വരെ 18 ദിവസങ്ങളായി ജില്ലയില്‍ നടക്കും. മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനേഷന് സ്ക്വാഡ് കര്‍ഷകരുടെ വീടുകളില്‍ എത്തി, പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്സിനേഷന് നല്‍കും. മൃഗസംരക്ഷണ വകുപ്പിനൊപ്പം ക്ഷീരവികസന വകുപ്പും ക്ഷീര സംഘങ്ങളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും ഊര്‍ജിതപ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി സംയുക്തമായി പ്രവര്‍ത്തിക്കും.
രാജ്യത്തെ കാര്‍ഷികമേഖലയ്ക്ക് പ്രതിവര്‍ഷം 20,000 കോടിയോളം സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം. രോഗം ബാധിച്ച കന്നുകാലികളില്‍ നിന്ന് മറ്റ് കന്നുകാലികളിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെ വേഗത്തില്‍ വൈറസ് പകരും. കറവപ്പശുക്കളുടെ പാലുത്പാദനം ഗണ്യമായി കുറയുമെന്ന് മാത്രമല്ല, മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ അനുബന്ധ അണുബാധകള്‍ പിടിപെട്ട് രോഗം ഗുരുതരമാകാനും ഗര്‍ഭിണി പശുക്കളുടെ ഗര്‍ഭമലസാനും അകാലത്തില്‍ ചത്തുപോകാനും ഇടയുണ്ട്. രോഗത്തില്‍ നിന്ന് രക്ഷപ്പെട്ട പശുക്കള്‍ക്ക് പഴയ ഉത്പാദനമികവും പ്രത്യുത്പാദനക്ഷമതയും വീണ്ടെടുക്കാന്‍ കഴിയാറില്ല.
ആറുമാസത്തെ ഇടവേളയില്‍ നല്കുന്ന പ്രതിരോധ കുത്തിവയ്പിലൂടെ മാത്രമേ കുളമ്പ് രോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുകയുള്ളൂ. നാലു മാസമോ അതിന് മുകളിലോ പ്രായമുള്ള കന്നുകുട്ടികള്‍ക്ക് പ്രതിരോധകുത്തിവയ്പു നല്‍കാം. ക്ഷീരമേഖലയില്‍ കനത്ത സാമ്പത്തിക നഷ്ടവും തീരാദുരിതവും വിതയ്ക്കുന്ന ഈ പകര്‍ച്ചവ്യാധികള്‍ തടയാന്‍
കന്നുകലികള്‍ക്ക് വാക്സിന് ഉറപ്പാക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും, നിയന്ത്രണവും നിയമം, 2009 പ്രകാരം കന്നുകാലികള്‍ക്ക് ഈ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കേണ്ടത് നിര്‍ബന്ധവുമാണ്. കന്നുകാലികളെ വളര്‍ത്തുന്ന എല്ലാ കര്‍ഷകരും പ്രതിരോധ കുത്തിവയപ് പരിപാടിയുടെ ഭാഗമായി അവരവരുടെ ഉരുക്കളെ കുളമ്പുരോഗത്തില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന് ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി. കെ. മനോജ്കുമാര്‍ അറിയിച്ചു.