കെ ഫോര്‍ കെയര്‍ രണ്ടാംഘട്ടം പരിശീലനം പൂര്‍ത്തിയാക്കിയവരും സാന്ത്വന പരിചരണ രംഗത്തേക്ക്
1546404
Tuesday, April 29, 2025 12:57 AM IST
പിലിക്കോട്: പരിചരിക്കാന്‍ ആളില്ലാത്തവര്‍ ഭയക്കേണ്ട. കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ രണ്ടാംഘട്ടം പരിശീലനം പൂര്‍ത്തിയാക്കിയവരും സാന്ത്വന പരിചരണ രംഗത്തേക്ക്. ദൈനംദിന ജീവിതത്തില്‍ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന കുടുംബങ്ങള്‍ക്ക് സേവനങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതി. രണ്ടാംഘട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 14 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പിപി. പ്രസന്നകുമാരി വിതരണം ചെയ്തു. അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓർഡിനേറ്റര്‍ സി.എച്ച്. ഇക്ബാല്‍, അസി. ജില്ലാ മിഷന് കോ-ഓർഡിനേറ്റര്‍ ഡി. ഹരിദാസ്, മുന്‍ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ രാജശേഖരന്, ജില്ലാ പ്രോഗ്രാം മാനേജര്‍ ജിതിന് എന്നിവര്‍ പങ്കെടുത്തു.
ശരീരഭാഗവും പ്രവര്‍ത്തനങ്ങളും, ആരോഗ്യകരമായ ജീവിതവും വ്യക്തിശുചിത്വവും, രോഗിയുടെ അവകാശങ്ങള്‍, അണുബാധ നിയന്ത്രണവും പ്രതിരോധവും, നേത്ര സംരക്ഷണം, മുറിവുകള്‍ എങ്ങനെ പരിചരിക്കണം, കത്തീഡ്രല്‍ കെയര്‍, ഫിസിയോ തെറാപ്പി, ഇന്‍സുലിന്‍ ഇന്ജക്ഷന് നല്കുന്ന വിധം, പേഷ്യന്റ് ട്രാന്‍സ്ഫറിംഗ്, സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങി 31 വിഷയങ്ങളിലാണ് കെ ഫോര്‍ കെയര്‍ എക്സിക്യുട്ടീവുകള്‍ക്ക് പരിശീലനം നല്‍കിയത്.
കെ ഫോര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വയോജന രോഗീപരിചരണ മേഖലയില്‍ തൊഴില്‍ നേടാന്‍ താത്പര്യമുള്ള വനിതകള്‍ക്ക് അടുത്ത ബാച്ചിലേക്ക് അപേക്ഷിക്കാം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനുമായി ചേര്‍ന്ന് പ്രായോഗിക പരിശീലനം ഉള്‍പ്പെടെ ഒരുമാസത്തെ സൗജന്യ സര്‍ട്ടിഫൈഡ് കോഴ്സാണ് നടത്തുക.
പത്താം ക്ലാസ് ജയിച്ച 25-40 നും ഇടില്‍ പ്രായമുള്ള കുടുംബശ്രീ അംഗത്തിനോ കുടുംബാംഗത്തിനോ ഓക്സിലറി ഗ്രൂപ്പ് അംഗത്തിനോ പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുടുംബശ്രീ ജില്ലാ മിഷന് ഓഫീസുമായി ബന്ധപ്പെടണം.