കാർഷിക ജലസേചനത്തിന്റെ പ്രവർത്തന മാതൃക അവതരിപ്പിച്ച് ജലവിഭവ വകുപ്പിന്റെ സ്റ്റാൾ
1546402
Tuesday, April 29, 2025 12:57 AM IST
പിലിക്കോട്: കാലിക്കടവ് മൈതാനത്ത് നടന്ന എന്റെ കേരളം പ്രദർശനമേളയിൽ കാർഷിക ജലസേചനത്തിന്റെയും ജലശുദ്ധീകരണത്തിന്റെയും പ്രവർത്തനമാതൃകകൾ അവതരിപ്പിച്ച ജലവിഭവ വകുപ്പിന്റെ സ്റ്റാൾ ശ്രദ്ധേയമായി. പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കാർഷിക ജലസേചനം നടത്തുന്നതും കിണറ്റിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് ഗുണനിലവാര പരിശോധന നടത്തി കുടിവെള്ളമാക്കുന്നതും ലൈവായി അവതരിപ്പിച്ച സ്റ്റാൾ മേളയിലെ മികച്ച രണ്ടാമത്തെ സ്റ്റാളായും തെരഞ്ഞെടുക്കപ്പെട്ടു.
കാഞ്ഞങ്ങാട് നഗരസഭയിലെ കാരാട്ടുവയൽ പാടശേഖരത്തിൽ നടപ്പാക്കിയ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് വിത മുതൽ കൊയ്ത്തു വരെ ചിത്രീകരിച്ച ഫോട്ടോ ഗാലറി, ജില്ലയിലെ പുഴകളുടെയും അവയിലെ ജലസേചന സംവിധാനങ്ങളുടെയും വിവരങ്ങൾ ഒറ്റനോട്ടത്തിൽ ലഭ്യമാക്കുന്ന ക്യൂ ആർ കോഡ്, മഴയുടെ അളവ് കണ്ടെത്താനാവുന്ന മഴമാപിനി, പുഴയിലെ ഒഴുക്കിന്റെ വേഗത കണ്ടെത്താനാവുന്ന കറണ്ട് മീറ്റർ എന്നിവയും സ്റ്റാളിൽ മികച്ച ശ്രദ്ധ നേടി.
ജലസേചന സംവിധാനങ്ങളുടെ പ്രവർത്തനം വ്യക്തമാക്കുന്ന ഇറിഗേഷൻ ഗ്രാമത്തിന്റെ മാതൃകയും ഉൾനാടൻ ജലപാതയുമായി ബന്ധപ്പെട്ട മാടക്കാൽ ബോട്ട് ടെർമിനലിന്റെ മാതൃകയും ശ്രദ്ധേയമായി.