കല്ലപ്പള്ളിയിൽ കൃഷിയിടങ്ങൾ ഇടിച്ചുനിരത്തി കാട്ടാനക്കൂട്ടം
1479864
Sunday, November 17, 2024 7:25 AM IST
പാണത്തൂർ: ചെറിയൊരു ഇടവേളയ്ക്കു ശേഷം കല്ലപ്പള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത കൃഷിനാശമാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഉണ്ടായത്.
കല്ലപ്പള്ളി രംഗത്തുമലയിലെ മൂലവളപ്പിൽ ബിജു മാത്യു, പാലമൂട്ടിൽ സോനു പി. ജോസഫ്, കണ്ടംകിരിയിൽ മഞ്ജു ജോസഫ്, ഷോബി നരിമറ്റത്തിൽ, എം.എം. ഭട്ട് എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപകനാശം വരുത്തിയത്.
ബിജു മാത്യുവിന്റെ സ്ഥലത്തുണ്ടായിരുന്ന അഞ്ചുവർഷം പ്രായമായ 20 തേക്ക് മരങ്ങളും 30 പ്ലാവിൻതൈകളും അഞ്ച് കശുമാവുകളും രണ്ടുവർഷം വളർച്ചയെത്തിയ 60 കുരുമുളക് വള്ളികളും നശിപ്പിക്കപ്പെട്ടു. സോനു ജോസഫിന്റെ നാലുവർഷം പ്രായമായ 12 തെങ്ങിൻ തൈകളും മഞ്ജു ജോസഫിന്റെ കൃഷിയിടത്തിലെ 10 തെങ്ങുകളും ഷോബിയുടെ 12 റബർ മരങ്ങളും എം.എം. ഭട്ടിന്റെ ഒരു തെങ്ങും പൂർണമായും നശിപ്പിച്ചു.
കർണാടക വനത്തിൽ നിന്നാണ് കാട്ടാനകൾ ഇവിടെയെത്തുന്നത്. വനാതിർത്തിയിൽ പാടിക്കൊച്ചി മുതൽ രംഗത്തുമല വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരം നേരത്തേ സൗരോർജ വേലി സ്ഥാപിച്ചിരുന്നെങ്കിലും ഇതിന്റെ കമ്പി മാത്രമാണ് നിലവിൽ ഇവിടെ ബാക്കിയുള്ളതെന്ന് നാട്ടുകാർ പറയുന്നു. സൗരോർജ പാനലുകളും ബാറ്ററികളും പൂർണമായും പ്രവർത്തനരഹിതമാണ്.
ദൊഡ്ഡമന ഭാഗത്ത് രണ്ടു കിലോമീറ്റർ ദൂരം മാത്രമാണ് വേലി പ്രവർത്തനക്ഷമമായിട്ടുള്ളത്. ആനമഞ്ഞൾ, കല്ലപ്പള്ളി, രംഗത്തല, പാടിക്കൊച്ചി എന്നിവ സമീപകാലത്തായി സ്ഥിരമായി കാട്ടാനയിറങ്ങുന്ന പ്രദേശങ്ങളാണ്. കല്ലപ്പള്ളി ഗവ. എൽപി സ്കൂളും അങ്കണവാടിയും കാട്ടാന ഭീഷണിയിലാണ്. താരതമ്യേന ചെറിയ റോഡായതിനാൽ ആനകൾ തൊട്ടടുത്ത് എത്തിയാൽ മാത്രമേ കാണാൻ സാധിക്കൂ.
കാട്ടാനകളെ അകറ്റാനും സുരക്ഷിതത്വം ഉറപ്പാക്കാനും ഇവിടെ വിവിധ സ്ഥലങ്ങളിലായി 10 ഇടങ്ങളിൽ സൗരോർജ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന് വനംവകുപ്പിനോടാവശ്യപ്പെട്ടിരുന്നതായി ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്തുമല പറഞ്ഞു. എന്നാൽ രണ്ടിടങ്ങളിൽ മാത്രമാണ് സ്ഥാപിച്ചത്.
പാണത്തൂരിൽ നിന്ന് സുള്ള്യയിലേക്കുള്ള അന്തർസംസ്ഥാന പാതയിൽ പലപ്പോഴും ആനകളെ കാണാറുണ്ട്. ആനയിറങ്ങിയ കാര്യം വാഹനയാത്രക്കാരെ അറിയിക്കാൻ പലപ്പോഴും റോഡിൽ നാട്ടുകാർ കാവൽ നിൽക്കുകയാണ് പതിവ്. വളവുകളേറെയുള്ള വീതികുറഞ്ഞ റോഡിൽ ആന ഇറങ്ങിയാൽ വാഹനയാത്രക്കാർക്ക് പെട്ടെന്നു കാണാനാകില്ല. ഗഡിഗുഡ്ഡ മുതൽ ദൊഡ്ഡമന വരെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരം പ്ലാന്റേഷൻ ഏരിയയാണ്. ഇവിടെ തെരുവുവിളക്കുകളില്ല. കർണാടകയിൽ നിന്നുള്ള ശബരിമല യാത്രക്കാരുൾപ്പെടെ രാത്രികാലങ്ങളിൽ ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്.