കാറ്റാംകവലയിലെ കോൺക്രീറ്റ് പാത തുറന്നു; ഉയരക്കൂടുതലിൽ ആശങ്ക
1479222
Friday, November 15, 2024 5:23 AM IST
ചിറ്റാരിക്കാൽ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കാറ്റാംകവലയിൽ മലയോര ഹൈവേയുടെ ഭാഗമായി നിർമിച്ച കോൺക്രീറ്റ് വനപാത തുറന്നു. ഇതോടെ മലയോരഹൈവേ വികസനത്തിനായി വനഭൂമി വിട്ടുകിട്ടിയിട്ടും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് മാറ്റമുണ്ടായില്ലെന്ന പരാതിക്ക് ഒരളവു വരെ പരിഹാരമായി.
3.8 മീറ്റർ വീതിയിലാണ് റോഡ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. എന്നാൽ വശങ്ങളിലേക്ക് കാര്യമായി ചരിവ് കൊടുക്കാതെ സാമാന്യം ഉയരത്തിൽ കോൺക്രീറ്റിംഗ് നടത്തിയതിനാൽ വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ടയറുകൾ കോൺക്രീറ്റ് ചെയ്ത ഭാഗത്തിനു പുറത്തെത്തി അപകടസാധ്യതയുണ്ടാകുമെന്ന പരാതി ഉയർന്നു. ഇരുചക്രവാഹനങ്ങൾ റോഡിനു പുറത്തെത്തിയാൽ മറിഞ്ഞുവീഴാനും സാധ്യതയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
ഇത് പരിഹരിക്കുന്നതിനായി ബുധനാഴ്ച രാത്രിയോടെ ഉയരക്കൂടുതലുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശവും മണ്ണിട്ടുയർത്തിയിട്ടുണ്ടെങ്കിലും മഴയിൽ ഇത് നിലനിൽക്കുമോയെന്ന സംശയം ബാക്കിയാണ്. റോഡ് ഹൈവേ നിലവാരത്തിൽ വീതി കൂട്ടി നവീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയിട്ടുള്ളതിനാൽ ആ സമയത്ത് പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കോൺക്രീറ്റിംഗ് പ്രവൃത്തി നടക്കുന്നതിനാൽ രണ്ടാഴ്ചയിലേറെയായി അടച്ചിട്ടിരുന്ന റോഡ് തുറന്നതോടെ വാഹനയാത്രക്കാർ ആശ്വാസത്തിലാണ്. മലയോര ഹൈവേയിലെ ചുള്ളി-മരുതോം വനപാതയിലും കോൺക്രീറ്റിംഗ് പ്രവൃത്തി നടക്കുന്നുണ്ട്. ഇതും വരുംദിവസങ്ങളിൽ തന്നെ പൂർത്തിയാകും.