പുലികളെ തുരത്താൻ ദൗത്യവുമായി വനംവകുപ്പ്
1479010
Thursday, November 14, 2024 6:15 AM IST
മുളിയാർ: മുളിയാർ-കാറഡുക്ക പഞ്ചായത്തുകളിൽ ഭീതി വിതയ്ക്കുന്ന പുലികളെ തുരത്താന്‍ പ്രത്യേക ദൗത്യവുമായി വനംവകുപ്പ്. ആനകളെ തുരത്താനായി ചെയ്തതു പോലെ പടക്കം പൊട്ടിച്ചും തകിടില്‍ കൊട്ടിയും ശബ്ദമുണ്ടാക്കിക്കൊണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളുമടങ്ങുന്ന സാമാന്യം വലിയ സംഘം കാട് കയറുകയായിരുന്നു.
ആള്‍ക്കൂട്ടത്തിന്റെ സാന്നിധ്യവും ശബ്ദവുമുണ്ടായാൽ നേരിടാൻ നിൽക്കാതെ പുലികൾ ഉള്‍ക്കാട്ടിലേക്ക് നീങ്ങുമെന്നാണ് വനംവകുപ്പിന്റെ പ്രായോഗിക പരിചയം. കാറഡുക്ക സംരക്ഷിത വനമേഖലയിലാണ് കഴിഞ്ഞ ദിവസം ദൗത്യം തുടങ്ങിയത്. പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്ന ജനവാസമേഖലകളായ ആലംപറമ്പ്, തൈര, ചാന്ദ്രംപാറ, കല്ലളിക്കാല്‍ ഭാഗങ്ങളില്‍ നിന്നാണ് സംഘം കാടുകയറിയത്. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.വി.വിനോദ്കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. ബാബു, കെ. ജയകുമാരന്‍, കെ.എ. ബാബു എന്നിവർ നേതൃത്വം നല്കി. ചൊവ്വാഴ്ച കാസര്‍ഗോട്ടെത്തിയ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. അഷ്റഫ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.വി. വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം ആവിഷ്കരിച്ചത്.
ജനവാസകേന്ദ്രങ്ങളിൽ നിന്ന് ഇരപിടിച്ച് ശീലിച്ച നാലോളം പുലികൾ മുളിയാർ-കാറഡുക്ക വനമേഖലയിലുണ്ടെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ഇവയെ ഓരോന്നായി കൂടുവച്ച് പിടിക്കുന്നതിനേക്കാൾ പ്രായോഗികം ഒറ്റയടിക്ക് ഉൾക്കാട്ടിലേക്ക് തുരത്തുന്നതാണെന്നാണ് നിഗമനം. ഇങ്ങനെ കർണാടക വനത്തിലേക്ക് തുരത്തിയാൽ ആനകളെപ്പോലെ ഇവ പിന്നീട് തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.