പരിമിതികള്‍ക്കുള്ളിലും കരുത്ത് തെളിയിച്ച് കാസര്‍ഗോഡ്
1478566
Tuesday, November 12, 2024 7:45 AM IST
കാസര്‍ഗോഡ്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പേരിനുപോലും ഒരു മെഡല്‍ ഇല്ലാതെ വട്ടപ്പൂജ്യമായി മെഡല്‍ പട്ടികയുടെ ഏറ്റവുമൊടുവില്‍ നാണംകെട്ട് നില്‍ക്കേണ്ടിവരുന്ന സ്ഥിതിയായിരുന്നു ഏതാനും വര്‍ഷം മുമ്പുവരെ കാസര്‍ഗോഡിന്. എന്നാല്‍ പതുക്കെയാണെങ്കിലും കാര്യങ്ങള്‍ മാറിവരികയാണ്. പ്രതിഭാദാരിദ്ര്യമല്ല, മറിച്ച് അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ് കാസര്‍ഗോഡിന് തിരിച്ചടിയായിരുന്നത്. കെ.സി. ഗിരീഷ് എന്ന മുന്‍ ഡിസ്കസ് ത്രോ താരം സ്വന്തം കീശയില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി കുട്ടികള്‍ക്ക് സൗജന്യപരിശീലനം നല്കി അന്തര്‍ദേശീയ നിലവാരമുള്ള താരങ്ങളെ വാര്‍ത്തെടുത്തുകൊണ്ട് ഇതു തെളിയിച്ചതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ത്രോയിംഗ് അക്കാഡമികളില്‍ ഒന്നായി ചെറുവത്തൂര്‍ മയ്യിച്ചയിലെ കെസി ത്രോസ് വളര്‍ന്നതോടെ കാസര്‍ഗോഡിന്റെ മെഡല്ക്ഷാമവും അവസാനിച്ചു.
നീലേശ്വരത്തെ സിന്തറ്റിക് സ്റ്റേഡിയത്തിലേക്ക് കായികമേള മാറിയതോടെ കുട്ടികളുടെ നിലവാരവും വര്‍ധിച്ചു.
അത്ലറ്റിക്സില് ആറു സ്വര്‍ണവും രണ്ടുവീതം വെള്ളിയും വെങ്കലവും നേടി കാസര്‍ഗോഡ് ഏഴാംസ്ഥാനത്തെത്തി. ഓവറോള്‍ വിഭാഗത്തില്‍ ഇത്തവണ പത്താംസ്ഥാനം നേടിയ കാസര്‍ഗോഡ് 28 സ്വര്‍ണവും 24 വെള്ളിയും 32 വെങ്കലവും സഹിതം 270 പോയിന്റാണ് കരസ്ഥമാക്കിയത്.
തലപ്പൊക്കമുള്ള നിരവധി സ്കൂളുകളെ പിന്തള്ളി അത്ലറ്റിക്സില് 29 പോയിന്റ് നേടി കുട്ടമത്ത് ജിഎച്ച്എസ്എസ് നാലാംസ്ഥാനം കരസ്ഥമാക്കിയെന്നും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ്.
ട്രാക്കില്‍ തീക്കാറ്റായി
നിയാസും ഷൗനിസും
ഓട്ടമത്സരത്തില്‍, പ്രത്യേകിച്ച് വേഗരാജാക്കന്മാരെ കണ്ടെത്താനുള്ള ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ കാസര്‍ഗോട്ടെ കുട്ടികള്‍ ഫൈനല്‍ റൗണ്ടില്‍ എത്തുന്നതുപോലും അപൂര്‍വ സംഭവമായിരുന്നു. എന്നാല്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഒരു സ്വര്‍ണവും ഒരു വെങ്കലവും കാസര്‍ഗോഡിന് ലഭിച്ചു.
ആണ്‍കുട്ടികളുടെ സബ്ജൂണിയര്‍ വിഭാഗത്തില്‍ അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ ബി.എ. അഹമ്മദ് നിയാസ് സ്വര്‍ണം നേടിയപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ പട്ള ജിഎച്ച്എസ്എസിലെ അബ്ദുള്ള ഷൗനിസ് വെങ്കലം നേടി.
അടിസ്ഥാന സൗകര്യങ്ങളോ ശാസ്ത്രീയ പരിശീലനമോ ഇല്ലാതെ സ്വന്തം കഴിവും കഠിനാധ്വാനവും മാത്രം കൈമുതലാക്കിയാണ് ഇരുവരെയും മെഡല്‍ നേട്ടം. ദീര്ഘദൂരകാഴ്ച ബുദ്ധിമുട്ടുള്ളതിനാല്‍ കട്ടിക്കണ്ണട വെച്ച്, സ്പൈക്സ് ഇല്ലാതെ ഓടി ജില്ലാകായികമേളയില്‍ സ്വര്‍ണം നേടിയ നിയാസിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുമ്പള ഉപജില്ല കായികമേളയില്‍ വ്യക്തിഗതചാമ്പ്യനായപ്പോള് നാട്ടുകാര്‍ സ്പൈക്സ് സമ്മാനിച്ചെങ്കിലും അതുപയോഗിച്ച് ഓടാനുള്ള പരിശീലനം ലഭിക്കാത്തതിനാല്‍ ഉപയോഗിക്കാതെ മാറ്റിവെക്കുകയായിരുന്നു.
സംസ്ഥാന കായികമേളയ്ക്കു തൊട്ടുമുമ്പായി നീലേശ്വരം സിന്തറ്റിക് ട്രാക്കില്‍ നടത്തിയ നാലുദിവസത്തെ ക്യാമ്പില്‍ വെച്ചാണ് നിയാസ് സ്പൈക്സ് ഇട്ട് ഓടാന്‍ പഠിച്ചത്. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.വി. രാജ സ്കൂളിനായി സ്വര്‍ണം നേടിയ ഉദുമ ബാര വെടിക്കുന്ന് സ്വദേശിനി രഹ്ന രഘുവിന്റെ സ്വര്‍ണമെഡല്‍ നേട്ടവും ജില്ലയ്ക്ക് അഭിമാനമായി.
കെസി ത്രോസിന്റെ
കരുത്തില്‍
കുട്ടമത്ത്
ജിഎച്ച്എസ്എസ്
അഞ്ചു സ്വര്‍ണം, ഒരു വെള്ളി, രണ്ടു വെങ്കലം എന്നിങ്ങനെ സംസ്ഥാന കായികമേളയില്‍ മെഡലുകള്‍ വാരിക്കൂട്ടി കുട്ടമത്ത് ജിഎച്ച്എസ്എസ്. ഇതില്‍ അഞ്ചു സ്വര്‍ണവും ഒരു വെങ്കലവും കെ.സി. ഗിരീഷിന്റെ കെസി ത്രോസിന് അവകാശപ്പെട്ടതാണ്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗിരീഷിന്റെ മകന് കെ.സി. സര്‍വന്‍ സ്വന്തം പേരിലുള്ള റിക്കാര്‍ഡുകള്‍ തിരുത്തി ഡിസ്കസ് ത്രോയിലും ഷോട്ട്പുട്ടിലും പൊന്നണിയുന്ന പതിവിന് ഇക്കുറിയും മാറ്റമുണ്ടായില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷോട്ട്പുട്ടിലും ഡിസ്കസിലും ഹെനിന് എലിസബത്തും ഇരട്ടസ്വര്‍ണം നേടി. ജൂണിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ പാര്‍വണ ജിതേഷ് സ്വര്‍ണം നേടി. ഇതേ വിഭാഗത്തില്‍ ജുവല്‍ മുകേഷ് വെങ്കലവും കരസ്ഥമാക്കി. ജൂണിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ കുട്ടമത്ത് എംകെഎസ്എച്ച്എസിലെ സോന മോഹന്‍ വെള്ളിമെഡല്‍ കരസ്ഥമാക്കി. യൂത്ത് കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവ് വി.എസ്. അനുപ്രിയക്ക് പരിക്കേറ്റില്ലായിരുന്നുവെങ്കില്‍ കെസി ത്രോസിന്റെ മെഡലുകളുടെ എണ്ണം വര്‍ധിച്ചേനെ.
സബ്ജൂണിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ വെള്ളിമെഡല്‍ നേടിയ കുട്ടമത്ത് ജിഎച്ച്എസ്എസിലെ എ.വി. ഋതുഭേദിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. പ്രഫഷണല്‍ കോച്ചിംഗ് ഒന്നുമില്ലാതെ തന്റെ ആദ്യ സംസ്ഥാന കായികമേളയില്‍ മെഡലണിഞ്ഞ ഋതുഭേദ് ഭാവിവാഗ്ദാനമാണെന്ന് തെളിയിച്ചു.
ഗെയിംസിലും നേട്ടം
ഗെയിംസ് ഇനത്തിലും കാസര്‍ഗോഡ് മികവ് കാട്ടി. കബഡിയില്‍ ആണ്‍കുട്ടികളുടെ സീനിയര്‍, ജൂണിയര്‍, സബ്ജൂണിയര്‍ വിഭാഗങ്ങളില്‍ കാസര്‍ഗോഡിനാണ് സ്വര്‍ണം. പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗത്തില്‍ വെള്ളിയും ജൂണിയര്‍ വിഭാഗത്തില്‍ വെങ്കലവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ഫുട്ബോളില്‍ വെള്ളിയും സീനിയര്‍ പെണ്‍കുട്ടികളുടെ വടംവലിയില്‍ വെങ്കലവും കരസ്ഥമാക്കി.