മംഗലംകളിയെന്ന പേരിൽ സിനിമാറ്റിക് ഡാൻസ് അവതരിപ്പിക്കുന്നു: ഗോത്രസംഗമം
1478773
Wednesday, November 13, 2024 6:34 AM IST
പരപ്പ: സ്കൂൾ കലോത്സവത്തിൽ മംഗലംകളി ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെങ്കിലും ചിലയിടത്ത് മംഗലംകളിയെന്ന പേരിൽ അവതരിപ്പിക്കുന്നത് സിനിമാറ്റിക് ഡാൻസ് ആണെന്നും, മംഗലംകളി വിധികർത്താക്കളായി മംഗലംകളി അറിയുന്ന ഗോത്രസമൂഹത്തിളുള്ളവരെ തന്നെ നിയമിക്കണമെന്നും ഒരുമ ജില്ലാ ഗോത്രസംഗമം ആവശ്യപ്പെട്ടു.
ഉത്തരമലബാർ മാവിലൻ തെയ്യം അനുഷ്ഠാന സംഘത്തിന്റെയും കേരള ഫോക്ലോർ അക്കാദമിയുടെയും നേതൃത്വത്തിൽ പരപ്പ ജിഎച്ച്എസ്എസിൽ നടന്ന പരിപാടി സംസ്ഥാന ജിഎസ്ടി അഡീഷണൽ കമ്മീഷണർ മധു പനങ്ങാട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷിബു പാണത്തൂർ അധ്യക്ഷത വഹിച്ചു.
കേരള ഫോക്ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ കെ. ലവ്ലിൻ മുഖ്യാതിഥിയായി. മുൻ എംഎൽഎ എം. നാരായണൻ സമ്മാനദാനം നിർവഹിച്ചു. കുടമിന സുകുമാരൻ, ലതീഷ് കയ്യൂർ, കണ്ണൻ പട്ളം, വിജയൻ കോട്ടക്കൽ, പ്രമോദ് വർണം, സിജോ പി. ജോസഫ്, എം.കെ. പുഷ്പരാജൻ, എ.ആർ. സോമൻ എന്നിവർ പ്രസംഗിച്ചു. പ്രവീൺ പൂങ്ങോട് സ്വാഗതവും സുരേഷ് പരപ്പ നന്ദിയും പറഞ്ഞു.