ജനകീയ മത്സ്യകൃഷി പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുന്നു
1479013
Thursday, November 14, 2024 6:15 AM IST
കാസർഗോഡ്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്കുപിന്നാലെ കൊട്ടിഘോഷിച്ച് തുടങ്ങിയ ജനകീയ മത്സ്യകൃഷി പ്രചാരണ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുന്നു. കൃത്രിമ കുളങ്ങളും മറ്റും നിർമിച്ച് മത്സ്യകൃഷി നടത്തുന്നവർക്ക് മുടക്കുമുതലിനൊത്ത ലാഭം കിട്ടാൻ ബുദ്ധിമുട്ടാണെന്ന് വ്യക്തമായതോടെ തുടക്കത്തിൽ പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചവരിലേറെയും പിൻവലിഞ്ഞിരുന്നു.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പേരിൽ നാടെങ്ങും കപ്പകൃഷി നടത്തി വിലയിടിവിന് കാരണമായതുപോലെ തന്നെയാണ് വളർത്തുമത്സ്യങ്ങളുടെ കാര്യത്തിലും സംഭവിച്ചത്.
ജനകീയ മത്സ്യകൃഷിയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി സംസ്ഥാന ഫിഷറീസ് വകുപ്പിനു കീഴിൽ അഞ്ഞൂറിലേറെ പ്രമോട്ടർമാരെയും കോ-ഓർഡിനേറ്റർമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. ഇവരെയെല്ലാം പിരിച്ചുവിടാൻ കഴിഞ്ഞ സെപ്റ്റംബർ 24 ന് ഉത്തരവായി.
പിന്നീട് ഇവരുടെ പ്രതിനിധികൾ മന്ത്രിയെ നേരിൽകണ്ട് ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ തീരുമാനം മരവിപ്പിച്ചിരിക്കുകയാണ്. എന്നാൽ തൊഴിൽദിനങ്ങളും ശമ്പളവും വെട്ടിച്ചുരുക്കിയതോടെ ഇവർക്ക് ജോലിയിൽ തുടരാനാകാത്ത സാഹചര്യമാണുള്ളത്.
2014-15 സാമ്പത്തികവർഷമാണ് ജനകീയ മത്സ്യകൃഷി പദ്ധതിക്കായി പ്രമോട്ടർമാരെ നിയമിച്ചത്. ആദ്യഘട്ടത്തിൽ പ്രതിമാസം 5000 രൂപയായിരുന്നു ഇവരുടെ ശമ്പളം. പിന്നീട് ഇത് 10000 രൂപയായി ഉയർത്തി. കോവിഡ് കാലത്ത് നാടെങ്ങും മത്സ്യകൃഷി വ്യാപിച്ചു.
പിന്നീട് മത്സ്യങ്ങളുടെ വില ഇടിയാൻ തുടങ്ങിയതോടെ ആളുകൾക്ക് പദ്ധതിയോടുള്ള താത്പര്യം കുറഞ്ഞു. 2023 ഏപ്രിൽ ഒന്നുമുതൽ പ്രമോട്ടർമാരുടെ തൊഴിൽദിനങ്ങൾ 21 ആയി കുറച്ചു. മാസശമ്പളത്തിനു പകരം 680 രൂപ പ്രതിദിന വേതനത്തിലേക്ക് മാറ്റി.
എങ്കിലും പ്രതിമാസ വേതനം 14000 രൂപയോളമായി ഉയർന്നതിനാൽ ഇവർക്ക് നഷ്ടമുണ്ടായില്ല. എന്നാൽ ഇപ്പോൾ തൊഴിൽദിനങ്ങൾ 18 ആയി കുറച്ചതോടെ മാസവേതനത്തിൽ നിന്ന് 2000 രൂപയിലധികം കുറഞ്ഞു.
ഇതുതന്നെ കിട്ടാൻ മാസങ്ങളോളം താമസിക്കുന്ന അവസ്ഥയുമായി. സാങ്കേതികമായി തൊഴിൽദിനങ്ങൾ 18 മാത്രമാണെങ്കിലും മിക്കവാറും എല്ലാ പ്രവൃത്തിദിവസങ്ങളിലും ജോലി ചെയ്യേണ്ട സാഹചര്യമാണ് ഇവർക്കുള്ളത്.
ഫിഷറീസ് വകുപ്പിന്റെ വിവിധ പദ്ധതികളുടെ സർവേ നടത്തുന്നതും അറിയിപ്പുകൾ വീടുകളിലെത്തിക്കുന്നതുമടക്കമുള്ള ചുമതലകളെല്ലാം പത്തുവർഷത്തോളമായി കരാർ ജീവനക്കാരായി ജോലിചെയ്യുന്ന ഇവർക്കാണ്.
ജോലിഭാരവും ശമ്പളം കൃത്യമായി ലഭിക്കാത്തതും മൂലം കാസർഗോഡ് ജില്ലയിൽ മാത്രം ഇതിനകം 11 പേർ ജോലി ഉപേക്ഷിച്ചു.
ബാക്കിയുള്ളവരും പിരിഞ്ഞുപോകാൻ മാനസികമായി തയ്യാറെടുത്തു നില്ക്കുകയാണ്. ഇവർ കൂടി പോകുന്നതോടെ ജനകീയ മത്സ്യകൃഷി പദ്ധതിയും ഫലത്തിൽ നിലച്ച മട്ടാകും.