കാസർഗോട്ടെ കശുമാവിൻ തൈകൾക്ക് റിക്കാർഡ് വിൽപ്പന
1479862
Sunday, November 17, 2024 7:25 AM IST
കാസർഗോഡ്: സംസ്ഥാന അതിർത്തിയോടടുത്ത് കൃഷിവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആദൂർ-ഗാളിമുഖ കാഷ്യു പ്രൊജനി ഓർച്ചാഡിൽ നിന്നുള്ള കശുമാവിൻ തൈകൾക്ക് സംസ്ഥാനത്തുടനീളം റിക്കാർഡ് വിൽപ്പന. 10 ഇനങ്ങളിൽപെട്ട 1.62 ലക്ഷം സങ്കരയിനം കശുമാവിൻ തൈകളാണ് ഇതുവരെ ഇവിടെ ഉത്പാദിപ്പിച്ച് വിതരണം ചെയ്തത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ഒരു കോടിയിലധികം രൂപയുടെ വരുമാനമാണ് ഇതിലൂടെ ഫാമിന് ലഭിച്ചത്.
പാരമ്പര്യ ഗുണങ്ങളുള്ള മാതൃവൃക്ഷങ്ങളിൽ നിന്നാണ് അത്യുത്പാദനശേഷിയുള്ള ഒട്ടുതൈകൾ തയാറാക്കുന്നത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് കീഴിൽ കർണാടകയിലെ പുത്തൂരിൽ പ്രവർത്തിക്കുന്ന കശുമാവ് ഗവേഷണകേന്ദ്രത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത നേത്ര ജംബോ, നേത്ര ഗംഗ, നേത്ര ഉദയ, ഭാസ്കര തുടങ്ങിയ ഇനങ്ങളും സംസ്ഥാന കാർഷിക സർവകലാശാലയിൽ വികസിപ്പിച്ചെടുത്ത ഉയരം കുറഞ്ഞതും അത്യുത്പാദന ശേഷിയുള്ളതുമായ വിവിധ ഇനങ്ങളും ഇവിടെ തയാറാക്കുന്നുണ്ട്.
കശുമാവിന് പുറമേ ഒട്ടുമാവിന്റെയും പ്ലാവിന്റെയും തൈകൾ, കുറിയ ഇനം തെങ്ങിൻതൈകൾ, വിവിധ ഫലവൃക്ഷത്തൈകൾ എന്നിവയും ഫാമിൽ വിൽപ്പനയ്ക്കൊരുക്കിയിട്ടുണ്ട്. സീസണിലാണെങ്കിൽ മാങ്ങയും ചക്കയും കശുവണ്ടിയുമെല്ലാം നേരിട്ട് വാങ്ങാം. കുരുമുളക്, വിവിധ അലങ്കാരച്ചെടികൾ, ചെണ്ടുമല്ലി തുടങ്ങിയവയുമുണ്ട്.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കൃഷിവിജ്ഞാൻ യോജന പദ്ധതി പ്രകാരം ഇവിടെ കശുവണ്ടി സംസ്കരണ യൂണിറ്റ്, വിൽപ്പനശാല, കശുവണ്ടി മ്യൂസിയം, പരിശീലനകേന്ദ്രം, ഫാം ടൂറിസം എന്നിവ നടപ്പാക്കാൻ 2.77 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സംസ്ഥാന കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ ഒരു കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.