ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥ അസംബന്ധം: സേവ് എഡ്യുക്കേഷന്‍ കമ്മിറ്റി
1479016
Thursday, November 14, 2024 6:15 AM IST
കാസര്‍ഗോഡ്: തോല്‍പ്പിച്ചാല്‍ നിലവാരം കൂടുമോ എന്ന ചോദ്യമുയര്‍ത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന തെരുവ് ജാഥ ഒരു അസംബന്ധ ജാഥയാണെന്ന് അഖിലേന്ത്യ സേവ് എഡ്യുക്കേഷന്‍ കമ്മിറ്റി ആരോപിച്ചു. ഡിപിഇപി മുതലുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച പരിഷത്ത് പരീക്ഷകളില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതിനെതിരെ ജാഥ നടത്തി വിദ്യാഭ്യാസത്തെ വെല്ലുവിളിക്കുകയാണ്.
കുട്ടികളെ പഠിപ്പിക്കാതെ പാസാക്കി വിടുന്ന ഓള് പ്രമോഷന് സമ്പ്രദായം അവസാനിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവരുടെ മുദ്രാവാക്യം. വിദ്യാഭ്യാസ സ്നേഹികളുടെ നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസിലും അടുത്ത വര്‍ഷം ഒമ്പതാം ക്ലാസിലും പിന്നീട് പത്താം ക്ലാസിലും പരീക്ഷകളില്‍ മിനിമം 30 ശതമാനം മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
ഓള് പ്രമോഷന് വഴി വിദ്യാഭ്യാസനിലവാരം ഉയരുകയല്ല മറിച്ചു തകരുകയാണ് ചെയ്തതെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയാല്‍ അതു പിന്നോക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെ ബാധിക്കും എന്നുള്ള പരിഷത്തിന്റെ വാദം തികഞ്ഞ കാപട്യമാണ്. പഠിപ്പിക്കാതെ ക്ലാസുകയറ്റം നല്കുന്ന സമ്പ്രദായം നിലവാരത്തെ മാത്രമല്ല വിദ്യാര്‍ഥികളുടെ ഭാവിയെയും തകര്‍ത്തുവെന്ന കാര്യം പരിഷത്ത് മറച്ചുവയ്ക്കുകയാണ്. നിലവാരത്തകര്‍ച്ചയുടെ കാരണം ഡിപിഇപിയില്‍ തുടങ്ങിയ പുതിയ പാഠ്യപദ്ധതിയും പുതിയ ബോധന സമ്പ്രദായവും വികലമായ നിരന്തര മൂല്യനിര്‍ണയവുമാണ്.
സമൂഹത്തെ പൊതുവിലും വിദ്യാഭ്യാസലോകത്തെ പ്രത്യേകിച്ചും അവഹേളിക്കുന്ന ഇത്തരം അസംബന്ധ ജാഥയില്‍ നിന്നും പരിഷത്ത് പിന്തിരിയണമെന്നും പ്രസിഡന്റ് പ്രഫ. ജോര്‍ജ് ജോസഫ്, സെക്രട്ടറി ഇ.എന്‍. ശാന്തിരാജ് എന്നിവര്‍ ആവശ്യപ്പെട്ടു