എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ പരിശോധന ഈമാസം പൂര്‍ത്തിയായേക്കും
1479015
Thursday, November 14, 2024 6:15 AM IST
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുടരുന്ന പരിശോധന ഈ മാസം അവസാനത്തോടെ പൂര്‍ത്തിയായേക്കും. അപേക്ഷകളിന്മേല് ഫീല്‍ഡ് വെരിഫിക്കേഷന് ഏതാണ്ട് പൂര്‍ത്തിയായി. അതതു പ്രദേശത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെ നടക്കുന്നുണ്ട്. അത് ഈ മാസത്തോടെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറയുന്നു. മുന്‍ തവണകളില്‍ പരസ്യമായി അറിയിപ്പു നല്‍കിയാണ് മെഡിക്കല്‍ പരിശോധന നടത്തിയിരുന്നതെങ്കില്‍ ഇത്തവണ ദുരിതബാധിതരെയും ബന്ധപ്പെട്ടവരെയും മാത്രം നേരിട്ട് അറിയിച്ചാണ് ക്യാമ്പുകള്‍ നടക്കുന്നത്.
20,000 ത്തിലേറെ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. 2022 ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകളിലാണ് പരിശോധന. 1980 ജനുവരി ഒന്നിനും 2011 ഒക്ടോബര്‍ 25നും ഇടയില്‍ ജനിച്ചവരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകള്‍, അതിര്‍ത്തി പഞ്ചായത്തുകള്‍, പ്ലാന്റേഷന് കോര്‍പറേഷന്റെ കശുമാവു തോട്ടങ്ങളുടെ രണ്ടു കിലോമീറ്റര്‍ ചുറ്റളവ് വരെ താമസം ഉണ്ടായിരുന്നവരോ ആയിരിക്കണം അപേക്ഷകര്‍.
ഒരു പഞ്ചായത്തില്‍ നിന്ന് ശരാശരി 1500 അപേക്ഷകര്‍ മിക്ക പഞ്ചായത്തുകളിലും 1500 വരെ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പല പഞ്ചായത്തുകളിലും ലഭിച്ച അപേക്ഷകളില്‍ 10 ശതമാനം പോലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്ഹരായവരല്ലെന്നാണ് സൂചന.
മൂന്നു ഘട്ടങ്ങളിലായി ഫീല്‍ഡ് വെരിഫിക്കേഷന് നടത്തി പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഐസിഡിഎസ് ഓഫീസര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തിയാണ് മൂന്നു ഘട്ടങ്ങളിലായി ഫീല്‍ഡ് വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയത്.
ഫീല്‍ഡ് വെരിഫിക്കേഷന്, മെഡിക്കല്‍ പരിശോധന, വിവിധ മെഡിക്കല്‍ പരിശോധന, വിവിധ ചികിത്സാ വിഭാഗങ്ങള്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് പരിശധനതുടങ്ങിയവയ്ക്കു ശേഷമാണ് കളക്ടര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളവരുടെ ശിപാര്‍ശ പട്ടിക സര്‍ക്കാരിലേക്ക് അയയ്ക്കുക. അപേക്ഷകളും മറ്റു വിവരങ്ങളെല്ലാം സൂക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക വെബ് പോര്‍ട്ടലിനു തന്നെ രൂപം നല്‍കിയിട്ടുണ്ട്.