നോട്ട്ബുക്കുകള്‍ തയാറാക്കി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത വിദ്യാര്‍ഥികള്‍
1478778
Wednesday, November 13, 2024 6:34 AM IST
മുളിയാര്‍: ജില്ലാ ഭരണസംവിധാനത്തിന്റെ ഐ ലീഡ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എംസിആര്‍സിയിലെ കുട്ടികള്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് സൊസൈറ്റി രൂപീകരിക്കുന്നത് ഗുണകരമാകുമെന്ന് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ. മുളിയാര്‍ തണല്‍ എംസിആര്‍സി വിദ്യാര്‍ഥികള്‍ തയാറാക്കിയ നോട്ടുബുക്കുകളുടെ പ്രകാശനവും വിപണന ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എംസിആര്‍സിയിലെ കുട്ടികള്‍ക്കും അവരെ പരിചരിക്കുന്ന രക്ഷിതാക്കള്‍ക്കും വരുമാനം ഉണ്ടാക്കാന്‍ ഉപകരിക്കുന്ന വിവിധ പദ്ധതികള്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നടപ്പിലാക്കുന്നതിനും വിപണനം ചെയ്യുന്നതിനും സൊസൈറ്റി സഹായകമാകും. വിപണനത്തിനുള്ള സ്ഥിരം സംവിധാനമായി അതുമാറണമെന്നും എംഎല്‍എ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി അധ്യക്ഷതവഹിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്‍ ഡപ്യൂട്ടി കളക്ടര്‍ പി. സുര്‍ജിത് മുഖ്യാതിഥിയായി. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി. രാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ജനാര്ദ്ദനന്, സ്ഥിരംസമിതി അധ്യക്ഷരായ അനീസ മന്‍സൂര്‍, റൈസ റാഷിദ്, വാര്‍ഡ് മെംബര്‍ അബ്ബാസ് കൊളച്ചെപ്പ്, മുളിയാര്‍ സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍, ഡോ. ഷമീമ തന്‍വീര്‍, പിടിഎ പ്രസിഡന്റ് എം. നാരായണന്, ദാമോദരന്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, ഖയറുന്നീസ എന്നിവര്‍ പ്രസംഗിച്ചു.