വരുന്നു, ഹരിതടൂറിസം കേന്ദ്രങ്ങള്‍
1478565
Tuesday, November 12, 2024 7:45 AM IST
കാസര്‍ഗോഡ്: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ അഞ്ചു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഹരിതടൂറിസം കേന്ദ്രങ്ങളാകുന്നു. ബേഡഡുക്ക പഞ്ചായത്തിലെ പൊലിയംതുരുത്ത് ഇക്കോ ടൂറിസം വില്ലേജ്, നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറം ടെര്‍മിനല്‍, കാഞ്ഞങ്ങാട് നഗരസഭയിലെ കൈറ്റ് ബീച്ച്, പള്ളിക്കര പഞ്ചായത്തിലെ ബേക്കല്‍ കോട്ട, പനത്തടി പഞ്ചായത്തിലെ റാണിപുരം എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് ഹരിത ടൂറിസം കേന്ദ്രങ്ങളാകുന്നത്.
ഹരിത ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന സഞ്ചാരികള്‍ കൈയ്യില്‍ കരുതുന്ന വസ്തുക്കള്‍ പ്രവേശന വേളയില്‍ പരിശോധിക്കുകയും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് എണ്ണം അനുസരിച്ച് നിശ്ചിത തുക ഈടാക്കുകയും ചെയ്യും. വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്നും പുറത്തേക്ക് കടക്കുമ്പോള്‍ പരിശോധനയ്ക്ക് ശേഷം പണം തിരികെ നല്‍കും. പൂര്‍ണമായും ഈ ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് നിരോധിത മേഖലയാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
സഞ്ചാരികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിന് കുടുംബശ്രീ സംവിധാനം നിശ്ചിത വാടക ഈടാക്കി സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും നല്‍കും. ജൈവ, അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വ്യത്യസ്ത നിറങ്ങളിലുള്ള ശേഖരങ്ങള്‍ ഒരുക്കും. പൊതുജനങ്ങള്‍ക്ക് ഹരിത ടൂറിസം കേന്ദ്രങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും വിവരിച്ച് നല്കുന്ന ബോര്‍ഡുകളും പ്രദര്‍ശിപ്പിക്കും.