നാലിലാംകണ്ടം സ്കൂളിൽ നെല്ലിക്ക ഫെസ്റ്റ്!
1479009
Thursday, November 14, 2024 6:15 AM IST
ചീമേനി: മഴ പോൽ മണ്ണിലേക്ക് ഉതിർന്ന നെല്ലിക്കകൾ വാരിയെടുക്കാന്‍ കുട്ടികളുടെ മത്സരയോട്ടമാണ് വലിയപൊയില്‍ നാലിലാംകണ്ടം ഗവ. യുപി സ്കൂൾ അങ്കണത്തിലുണ്ടായത്. നെല്ലിമരങ്ങളാല് സമൃദ്ധമായ സ്കൂൾ അങ്കണത്തില്‍ വീണ്ടുമൊരു നെല്ലിക്ക വിളവെടുപ്പായിരുന്നു ഇന്നലെ. നെല്ലിക്കവിളവെടുപ്പ് ഇത്തവണയും ആഘോഷമായി മാറി. മരങ്ങളില്‍ നെല്ലിക്ക മൂത്ത് വിളഞ്ഞു കഴിഞ്ഞാല്‍ പിന്നെ വിളവെടുപ്പ് ഉത്സവമാണ്. വിളവെടുപ്പ് ദിവസം വിദ്യാലയ മുറ്റത്ത് ഉത്സവ പ്രതീതിയാണ്.
കാത്തിരുന്ന ദിവസം വന്നുചേര്‍ന്നതിന്റെ സന്തോഷം കുട്ടികളുടെ മുഖങ്ങളില്‍ കാണാം. നെല്ലിമരത്തിന്റെ ചില്ലകള്‍ ഒന്നനക്കുമ്പോള് തന്നെ നെല്ലിക്കകള്‍ മഴ പോലെ മണ്ണിലേക്ക് ഉതിർന്നു വീഴുന്ന കാഴ്ച അമ്പരപ്പിക്കുന്നതാണ്.ഞെട്ടറ്റ് വീഴുന്ന നെല്ലിക്ക വാരിയെടുക്കാന്‍ കുട്ടികളുടെ മത്സരയോട്ടവും നെല്ലിക്കയുടെ ചവര്‍പ്പും മധുരവും നുണഞ്ഞങ്ങനെ കുട്ടികളുടെ ഇരിപ്പ് കാണേണ്ടതാണ്. ശരാശരി 200 കിലോയോളം നെല്ലിക്കയാണ് സ്കൂൾ മുറ്റത്തെ നെല്ലിമരങ്ങളില്‍ നിന്നും എല്ലാവര്‍ഷവും വിളവെടുക്കുന്നത്. രണ്ട് പതിറ്റാണ്ടിലധികമായി ഈ പതിവ് തുടരുന്നുണ്ട്.
വിവിധ മരങ്ങളാല്‍ സമ്പന്നമായ സ്കൂൾ പരിസരത്ത് കൂടുതലും നെല്ലിമരങ്ങളാണ് എല്ലാം നന്നായി കായ്ക്കുന്നവ. പറിച്ചെടുക്കുന്ന നെല്ലിക്കകള്‍ തുല്യമായി കുട്ടികള്‍ക്ക് തന്നെ വീതിച്ചു നല്‍കുകയാണ് പതിവ്. വിദ്യാർഥികളുടെ മനസിൽ മധുരമുള്ള ഓര്‍മകളാണ് ഓരോ നെല്ലിക്ക വിളവെടുപ്പും സമ്മാനിക്കുന്നത്. നാടന്‍പാട്ടും സംഗീതശില്പ്പവുമെല്ലാം വിളവെടുപ്പിന് മാറ്റുകൂട്ടി.
മുഖ്യാധ്യാപിക സി.എസ്. ശശികല, പിടിഎ പ്രസിഡന്റ് എം.വി. സന്തോഷ്, മദര്‍ പിടിഎ പ്രസിഡന്റ് വി. ഷൈലജ എന്നിവര്‍ നേതൃത്വം നല്കി.