മനസുവച്ചാൽ പനങ്കുരുവിനും വിപണിയുണ്ട്
1479528
Saturday, November 16, 2024 6:47 AM IST
കാസർഗോഡ്: ചൂണ്ടപ്പനച്ചുവട്ടിൽ ആർക്കും വേണ്ടാതെ വീണുകിടന്നും മരപ്പട്ടിക്കും വെരുകിനും ഭക്ഷണമായും തീരുന്ന പനങ്കുരുവിനും വിപണിയൊരുങ്ങുന്നു. കുരുവിന്റെ നിലവാരമനുസരിച്ച് കിലോയ്ക്ക് 10 മുതൽ 25 രൂപ വരെ കിട്ടുമെന്നാണ് ബന്ധപ്പെട്ട ഏജന്റുമാർ പറയുന്നത്. പനയിൽ കയറി കുലയോടെ വെട്ടി ഉണക്കി സംസ്കരിച്ചെടുക്കുന്നതാണ് ഒന്നാംതരം. പനഞ്ചുവട്ടിൽ നിന്ന് പെറുക്കിയെടുക്കുന്നത് രണ്ടാംതരം.
പനങ്കുരു സംഭരിച്ച് രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. പെയിന്റ്, പശ നിർമാണത്തിനും പാൻമസാലയിൽ ചേർക്കാനുമാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നതെന്നാണ് പറയുന്നത്. അവിടെയെത്തുമ്പോൾ വില ഇതിലും കുത്തനെ കൂടും. മലേഷ്യ, ഇൻഡൊനേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കും പനങ്കുരു കപ്പൽ കയറുന്നുണ്ട്.
ആനപ്പനയെന്നും യക്ഷിപ്പനയെന്നുമൊക്കെ അറിയപ്പെടുന്ന മരം സംസ്ഥാനത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പറമ്പുകളിൽ പാഴ്മരമായി വളർന്നുവരാറുണ്ട്. കുല വരുമ്പോൾ ചെത്തി കള്ളെടുക്കാമെന്നതും ഓല വെട്ടി ആനയ്ക്ക് തീറ്റയായി നൽകാമെന്നതും മാത്രമായിരുന്നു ഇതുവരെ ഈ മരത്തിൽ നിന്നുള്ള പ്രയോജനം. മുറിച്ചുമാറ്റി തടി ചീന്തിയെടുത്താൽ മുളയ്ക്കു പകരം പന്തലിടാനും മറ്റും ഉപയോഗിക്കാം.
പനങ്കുല പോലെ മുടി വളരുമെന്ന് ഹെയർ ഓയിലുകളുടെ പരസ്യത്തിൽ പറയുന്നതുതന്നെ പനങ്കുലയുടെ വലിപ്പം എടുത്തുകാണിക്കുന്നതാണ്. വേനൽക്കാലത്തിന്റെ തുടക്കത്തിലാണ് പനങ്കുരു പാകമാകുന്നത്.
കൂല മൂത്ത് കായ്കൾ പഴുത്തുതുടങ്ങുമ്പോഴാണ് വെട്ടിയെടുക്കേണ്ടത്. ഇത് അതേപടി വെയിലത്തുവച്ച് ഉണക്കുമ്പോൾ കുരുവെല്ലാം വേർതിരിഞ്ഞുകിട്ടും. നല്ലൊരു കുലയിൽ നിന്നുതന്നെ ചുരുങ്ങിയത് 2000 രൂപയുടെ കുരുവെങ്കിലും കിട്ടും.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള മൊത്തക്കച്ചവടക്കാരാണ് കാസർഗോഡും കണ്ണൂരും നിന്ന് പനങ്കുരു ശേഖരിക്കുന്നത്. വയനാട്ടിലെ തരുവണയിൽ പനങ്കുരു സംസ്കരിച്ചെടുക്കുന്ന കേന്ദ്രം തന്നെ തുടങ്ങിയിട്ടുണ്ട്.
പള്ളിക്കര മൗവലിലെ കരീമിന്റെ നേതൃത്വത്തിലാണ് ജില്ലയിൽ സംഭരണം തുടങ്ങിയിട്ടുള്ളത്. പനങ്കുരു നൽകാനുള്ളവർക്ക് 8129220188 എന്ന നമ്പറിൽ ബന്ധപ്പെടാം.