മാവുള്ളാല്‍ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം
1479529
Saturday, November 16, 2024 6:47 AM IST
വെള്ളരിക്കുണ്ട്: മലയോരത്തെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ മാവുള്ളാല്‍ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തീര്‍ഥാടന പള്ളിയിൽ നവനാള്‍ തിരുകര്‍മങ്ങള്‍ക്കും തിരുനാള്‍ ആഘോഷത്തിനും ഭക്തിസാന്ദ്രമായ തുടക്കം.
വികാരി റവ.ഡോ. ജോണ്സണ് അന്ത്യാകുളം തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറ്റി. തുടര്‍ന്നു നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ഫ്രാന്‍സിസ് ഇട്ടിയപ്പാറ, ഫാ. തോമസ് മരശേരി, ഫാ. ജോര്‍ജ് കാരിക്കത്തടത്തില്, മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
എല്ലാദിവസവും രാവിലെ ആറുമണി, എട്ടുമണി, 11 മണി, ഉച്ചകഴിഞ്ഞ് മൂന്നുമണി, വൈകുന്നേരം ഏഴുമണി എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന നടക്കും. തിരുനാള്‍ ദിവസങ്ങളില്‍ അടിമ വെയ്ക്കുന്നതിനും പ്രസിദേന്തി ഏല്പിക്കുന്നതിനും നേര്ച്ചകാഴ്ചകള് സമര്‍പ്പിക്കുന്നതിനും കുമ്പസരിക്കാനും സൗകര്യമുണ്ടായിരിക്കും.
23നു വൈകുന്നേരം ഏഴിന് നടക്കുന്ന ആഘോഷമായ തിരുക്കര്‍മങ്ങള്‍ക്ക് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി കാര്‍മികനായിരിക്കും. സമാപനദിവസമായ 24നു രാവിലെ 10.30ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് മോണ്‍. ആന്റണി മുതുകുന്നേല്‍ കാര്‍മികനായിരിക്കും. തുടര്‍ന്ന് പ്രദക്ഷിണം, സമാപന ആശീര്‍വാദം. പാച്ചോര്‍ നേര്‍ച്ചയോടുകൂടി തിരുനാള്‍ സമാപിക്കും.