ബ്ലോക്ക് പഞ്ചായത്തിൽ പോര്; സ്ഥലംമാറ്റിയ സെക്രട്ടറിയും പ്രസിഡന്റും നേർക്കുനേർ
1479533
Saturday, November 16, 2024 6:47 AM IST
പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ സെക്രട്ടറിയും പ്രസിഡന്റും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം മറനീക്കി പുറത്ത്. സെക്രട്ടറി ജോസഫ് എം. ചാക്കോയെ ബളാൽ പഞ്ചായത്ത് സെക്രട്ടറിയായി സ്ഥലംമാറ്റിയതിനെതിരെ അദ്ദേഹം സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നൽകി. സെക്രട്ടറി ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് പ്രസിഡന്റ് എം. ലക്ഷ്മി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകി.
ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം പ്രസിഡന്റ് തന്റെ സ്വകാര്യ യാത്രകൾക്ക് ഉപയോഗിക്കുന്നതിനെ സെക്രട്ടറി എതിർത്തതാണ് സ്ഥലംമാറ്റത്തിന് പ്രധാന കാരണമായതെന്നാണ് ആരോപണം. സംസ്ഥാനതലത്തിൽ പഞ്ചായത്ത് സെക്രട്ടറിമാരുടെ സീനിയോറിറ്റി പട്ടികയിൽ മുൻനിരയിലുള്ള ഉദ്യോഗസ്ഥനാണ് ജോസഫ് എം. ചാക്കോ. ഇദ്ദേഹത്തിന്റെ സ്ഥാനക്കയറ്റ സാധ്യതയെ പോലും ബാധിക്കുന്ന വിധത്തിലാണ് ഗ്രാമ പഞ്ചായത്തിലേക്ക് സ്ഥലംമാറ്റിയത്. ദീർഘകാലം ബളാലിലും മറ്റു പഞ്ചായത്തുകളിലും സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ആളാണ് ജോസഫ് എം. ചാക്കോ. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായി ഉയർത്തപ്പെട്ട് ഒരുവർഷം തികയുന്നതേ ഉള്ളൂ.
ഈ കാലയളവിൽ ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ ഒന്നാംഘട്ടം സംസ്ഥാനത്ത് ഏറ്റവും വിജയകരമായി പൂർത്തിയാക്കിയതിന് കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ കളക്ടറുടെ അംഗീകാരപത്രം ലഭിച്ചിരുന്നു. ഇത് ഏറ്റുവാങ്ങിയ ദിവസം തന്നെയാണ് സംസ്ഥാന തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിൽ നിന്ന് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്. ഭരണസൗകര്യത്തിനു വേണ്ടി എന്നുമാത്രം ചൂണ്ടിക്കാട്ടിയാണ് മികച്ച ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കുള്ള അംഗീകാരം ലഭിച്ച ഉദ്യോഗസ്ഥനെ വീണ്ടും ഗ്രാമപഞ്ചായത്തിലേക്ക് മാറ്റിയത്. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ഇടപെട്ട് തൊട്ടുപിന്നാലെ തന്നെ ജോസഫിനെ ഓഫീസിൽ നിന്ന് വിടുതൽ ചെയ്യുകയും ചെയ്തു. എന്നാൽ ഗ്രാമപഞ്ചായത്തിൽ വീണ്ടും ചുമതലയേല്ക്കാതെ ഇദ്ദേഹം ഒന്നരമാസമായി അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് സ്ഥലംമാറ്റം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നല്കിയത്.
ഇതിനിടയിൽ സെക്രട്ടറിക്കെതിരെ പ്രസിഡന്റ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി തെളിവെടുപ്പ് നടത്തി. വിജിലൻസ് ഓഫീസർ പി.വി.കെ. മഞ്ജുഷ, സൂപ്രണ്ട് വി.എസ്. മനോജ് കുമാർ എന്നിവരാണ് തെളിവെടുപ്പ് നടത്താനെത്തിയത്. ഓഫീസിലുള്ള ഉദ്യോഗസ്ഥരിൽ നിന്ന് വിവരശേഖരണം നടത്തിയെങ്കിലും അവധിയിലുള്ള സെക്രട്ടറിയുടെ മൊഴിയെടുക്കാനായില്ല. സെക്രട്ടറിയുടെ സ്ഥലംമാറ്റത്തിനു പിന്നിൽ തന്റെ ഇടപെടലുണ്ടായിരുന്നുവെന്ന ആക്ഷേപവും ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി പറഞ്ഞു.