കല്ലുമ്മക്കായ കർഷകർക്ക് വിനയായി ഫിഷറീസ് അധികൃതരുടെ തീരുമാനങ്ങൾ
1478562
Tuesday, November 12, 2024 7:45 AM IST
വലിയപറമ്പ്: കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷിയിറക്കൽ കാലമാണ് ഇനി വരുന്ന മൂന്ന് മാസം. അയൽ ജില്ലകളിൽ കുറഞ്ഞ വിലയ്ക്ക് വിത്ത് ലഭിക്കുന്നുണ്ടെങ്കിലും ഫിഷറീസ് വകുപ്പ് പല നിബന്ധനകളുമായി രംഗത്തു വന്നത് കർഷകരെയും സംഘങ്ങളെയും പിന്നോട്ടടിപ്പിക്കുകയാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കല്ലുമ്മക്കായ കൃഷി ചെയ്തു വരുന്നത് കാസർഗോഡ്- കണ്ണൂർ ജില്ല അതിർത്തിയിലുള്ള കവ്വായി കായലിലാണ്. ഒക്ടോബർ മുതൽ ജനുവരി വരെയാണ് കൃഷിക്ക് പറ്റിയ കാലം. മത്സ്യത്തൊഴിലാളികളും മറ്റു കർഷകരും സ്വാശ്രയ സംഘങ്ങളും കുടുംബശ്രീ യൂണിറ്റുകളുമാണ് കല്ലുമ്മക്കായ കൃഷിയിൽ സജീവമായിട്ടുള്ളത്.
കവ്വായി കായലിലെ ഇടയിലെക്കാട്, മാടക്കാൽ, വലിയപറമ്പ്, പടന്നയിലെ ഓരി, തെക്കെക്കാട് തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലായി കൃഷി ചെയ്തുവരുന്നത്. കായലിലൊരുക്കിയ മുളന്തണ്ടുകൾ കൊണ്ടുള്ള സ്റ്റേജുകളിൽ ഒരടി അകലം പാലിച്ച് കയറുകളിൽ തുണിയിൽ കോർത്താണ് കല്ലുമ്മക്കായ കൃഷിക്കായി വിത്തിറക്കുന്നത്.
ഇത്തവണ ഫിഷറീസ് വകുപ്പ് അധികൃതർ പല നിബന്ധനകളും കല്ലുമ്മക്കായ കൃഷിയിറക്കുന്നതിന് നൽകിയത് കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വടകര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് 60 കിലോ വരുന്ന
ഒരു ചാക്ക് വിത്ത് വലിയപറമ്പിൽ എത്തിച്ചു നൽകാൻ 3000 രൂപ മുതൽ 3500 രൂപ വരെയാണ് ഈടാക്കുന്നത്. അത് കൊണ്ട് തന്നെ കഴിഞ്ഞ വർഷത്തെ കനത്ത നഷ്ടം സഹിച്ച് കൃഷിയിറക്കാൻ കർഷകർ തയാറായെങ്കിലും ഫിഷറീസ് വകുപ്പ് അധികൃതർ നിഷ്കർഷിക്കുന്ന നിബന്ധനകൾ ഇവർക്ക് വിനയാവുകയാണ്. നേരിട്ട് വിത്ത് ശേഖരിക്കുകയോ വിത്ത് സ്വകാര്യ ഏജന്റുമാരിൽ
നിന്ന് വാങ്ങുകയോ ചെയ്യരുതെന്നും മത്സ്യത്തൊഴിലാളി സംഘങ്ങൾ വഴി വിത്ത് വാങ്ങി കൃഷിയിറക്കണമെന്നുമുള്ള നിബന്ധന വർഷങ്ങളായി കല്ലുമ്മക്കായ കൃഷി ചെയ്യുന്ന കർഷകരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.ഇതോടൊപ്പം കർഷക ഗ്രൂപ്പുകളോ വ്യക്തികളോ കൃഷി ഇറക്കാൻ മുൻകൂർ അനുമതി വാങ്ങണമെന്നതും തിരിച്ചടിയാക്കുന്നുണ്ട്.
കുടുംബശ്രീ യൂണിറ്റുകൾ മാത്രം കൃഷി ഇറക്കുക എന്ന നിർദേശവും പരമ്പരാഗതമായി കല്ലുമ്മക്കായ കൃഷിയിറക്കുന്നവർക്ക് എതിരായ തീരുമാനമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ചുരുങ്ങിയ വിലക്ക് വിത്ത് കിട്ട ുമ്പോൾ കൃഷിയിറക്കുക എന്ന തീരുമാനവുമായി കർഷകരും കൂട്ടായ്മകളും മുന്നോട്ടു പോവുകയാണ്.
കായലിലെ വെള്ളത്തിൽ മാറ്റമുണ്ടായത് കഴിഞ്ഞ വർഷം കല്ലുമ്മക്കായ കൃഷിയൽ വ്യാപക നാശനഷ്ടമുണ്ടാക്കിയെങ്കിലും നഷ്ടപരിഹാരം ഭൂരിഭാഗം പേർക്കും ഇനിയും കിട്ടിയിട്ടില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ കൃഷിയിറക്കാൻ കല്ലുമ്മക്കായ കർഷകർ രംഗത്ത് സജീവമാണ്.