ഇരിയണ്ണിയിലെ കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതായി സൂചന
1478567
Tuesday, November 12, 2024 7:45 AM IST
ഇരിയണ്ണി: മുളിയാറിലെ ഇരിയണ്ണിയിൽ വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതായി സൂചന. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനെ അറിയിച്ച് ദിവസങ്ങൾക്കകം ഇവിടെക്കൂടി കൂട് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
കഴിഞ്ഞദിവസം പുലി വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ അടിയിൽ നിന്ന് വളർത്തുനായയെ കടിച്ചുകൊണ്ടുപോയ പാണൂർ തോട്ടത്തുമൂലയിലും വനംവകുപ്പ് കാമറ സ്ഥാപിച്ചിട്ടുണ്ട്. മുളിയാർ വനമേഖലയോടു ചേർന്ന് നാലു പുലികളെങ്കിലും ഉള്ളതായി വനംവകുപ്പ് തന്നെ സ്ഥിരീകരിച്ചതോടെ ജനങ്ങളുടെ ആശങ്കയേറിയിട്ടുണ്ട്. കാനത്തൂരിൽ കണ്ട പുലിക്കൊപ്പം കുട്ടികളും ഉള്ളതായി നാട്ടുകാർ പറയുന്നു.
പുലികളെ തുരത്താൻ അടിയന്തര
നടപടി വേണം: ബിജെപി
ബോവിക്കാനം: മുളിയാർ മേഖലയിൽ ഭീതി പരത്തുന്ന പുലികളെ തുരത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഒന്നിലധികം പുലികളാണ് ഓരോ ദിവസവും ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നത്. ഇതുമൂലം ജനങ്ങൾ കടുത്ത ആശങ്കയിലാണ്.
ഇക്കാര്യത്തിൽ വനംവകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ ജനകീയ സമരത്തിന് നേതൃത്വം നല്കാൻ ബിജെപി ഒരുക്കമാണ്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉല്ലാസ് വെള്ളല അധ്യക്ഷത വഹിച്ചു.
ജനങ്ങളുടെ ആശങ്ക അകറ്റണം: മുസ്ലിം ലീഗ്
ബോവിക്കാനം: മുളിയാർ വനാതിർത്തിയിൽ നാല് പുലികളെങ്കിലും ഉള്ളതായി വനംവകുപ്പ് തന്നെ സ്ഥിരീകരിച്ച സാഹചര്യത്തിൽ അവയെ പിടിക്കാനും പൊതുജനങ്ങളുടെ ആശങ്ക അകറ്റാനും സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു.
ഇപ്പോൾ ഒരു പുലിക്കൂട് സ്ഥാപിച്ചതല്ലാതെ ശാസ്ത്രീയമായ പരിഹാര മാർഗങ്ങളൊന്നുംതന്നെ സർക്കാർ സ്വീകരിച്ചിട്ടില്ല. ജനവാസകേന്ദ്രങ്ങളിൽ പോലും പുലി നേരിട്ടെത്തി നായ്ക്കളെയും മറ്റു വളർത്തുമൃഗങ്ങളെയും കൊന്നു തിന്നുന്ന സ്ഥിതി അതീവ ഗുരുതരമാണ്. സർക്കാരും വനംവകുപ്പും നിസംഗത അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബി.എം. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.