ഉത്സവത്തിന് വെടിക്കെട്ടൊഴിവാക്കി;പകരം റോഡിലെ കുഴികൾ നികത്തി ക്ഷേത്ര കമ്മിറ്റി
1479859
Sunday, November 17, 2024 7:25 AM IST
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ലക്ഷ്മീവെങ്കിടേശ ക്ഷേത്രത്തിൽ ഈ വർഷത്തെ കാർത്തികദീപോത്സവത്തിന് വെടിക്കെട്ടൊഴിവാക്കി. വെടിക്കെട്ട് നടത്താൻ മാറ്റിവച്ച അരലക്ഷത്തോളം രൂപ ഉപയോഗിച്ച് ഹോസ്ദുർഗിൽ നിന്ന് മേലാങ്കോട്ട് വരെയുള്ള റോഡിലെ കുഴികൾ നികത്തി.
ഉത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്ത് നടക്കുന്നത് ഈ റോഡിലൂടെയായതിനാൽ ദേവൻ റോഡ് എന്ന പേരിലാണ് ഈ റോഡ് കാലങ്ങളായി അറിയപ്പെടുന്നത്. ചെറിയ വാഹനങ്ങൾ നഗരത്തിലെ ഗതാഗതക്കുരുക്കിൽ പെടാതെ പോകാൻ വഴിയൊരുക്കുന്ന ദേവൻ റോഡിൽ മഴക്കാലം കഴിഞ്ഞതോടെ വ്യാപകമായി കുഴികൾ രൂപപ്പെട്ടിരുന്നു. രണ്ടു കിലോമീറ്ററോളം വരുന്ന റോഡിലെ ചെറുതും വലുതുമായ അറുപതിലേറെ കുഴികളാണ് മെറ്റലും കരിങ്കൽപൊടിയും ഉപയോഗിച്ച് നികത്തിയത്.
റോഡ് റോളർ ഉപയോഗിച്ച് നിരപ്പാക്കി ബലപ്പെടുത്തുകയും ചെയ്തു. ഇനി നഗരസഭയ്ക്ക് ഇതിനു മുകളിൽ ടാറിംഗ് നടത്തേണ്ട പണി മാത്രമേ ബാക്കിയുള്ളൂ. മണ്ണുപയോഗിച്ച് കുഴികൾ നികത്തിയാൽ പിന്നീട് ടാറിംഗ് നടത്തിയാലും റോഡിന് ബലക്ഷയമുണ്ടാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പണം കൂടുതൽ ചെലവായാലും മെറ്റലും കരിങ്കൽപൊടിയും തന്നെ ഉപയോഗിക്കാൻ തീരുമാനിച്ചത്.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഉത്സവത്തിന് കരിമരുന്ന് പ്രയോഗം വേണ്ടെന്നുവച്ചത്.