കാഞ്ഞങ്ങാട് വൈദ്യുത വിളക്കുകൾ സ്ഥാപിക്കാൻ ബിആർഡിസി
1479527
Saturday, November 16, 2024 6:47 AM IST
കാഞ്ഞങ്ങാട്: കോടികൾ ചെലവഴിച്ച് സ്ഥാപിച്ചുകഴിഞ്ഞ് മാസങ്ങൾക്കകം മിഴിപൂട്ടിയ സൗരോർജ വിളക്കുകളുടെ സ്ഥാനത്ത് കാഞ്ഞങ്ങാട് നഗരത്തിൽ വൈദ്യുതിവിളക്കുകൾ വരുന്നു. പൊതുമരാമത്ത് വകുപ്പുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ബിആർഡിസിയുടെ നിയന്ത്രണത്തിലാണ് തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത്. ഇതിന് മുന്നോടിയായി സൗരോർജ വിളക്കുകൾക്കായി സ്ഥാപിച്ച തൂണുകൾ പിഴുതെടുക്കുന്ന ജോലിക്ക് തുടക്കമായി.
നഗരത്തിലെ ഡിവൈഡറുകളിൽ സ്ഥാപിച്ച അമ്പതിലധികം വിളക്കുകാലുകളാണ് ഇളക്കിമാറ്റുന്നത്. ഇതോടൊപ്പം ഡിവൈഡറുകളിൽ ചാലുകീറി വൈദ്യുത കേബിളുകൾ സ്ഥാപിക്കും. പുതിയ വിളക്കുകാലുകൾ സ്ഥാപിക്കാൻ സ്വകാര്യ കമ്പനിയുമായി കരാറായിട്ടുണ്ട്. ഇവ സ്ഥാപിച്ചതിനുശേഷം ഡിവൈഡറുകളിൽ വീണ്ടും പൂച്ചെടികൾ നട്ടുപിടിപ്പിച്ച് നഗര സൗന്ദര്യവത്കരണം നടത്തും.
കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി 2019 ലാണ് റോഡിലെ ഡിവൈഡറുകളിൽ സൗരോർജ വിളക്കുകൾ സ്ഥാപിച്ചത്. വിളക്കുകാലും ലൈറ്റും സൗരോർജ പാനലും അതിന്റെ ബാറ്ററിയുമടക്കം രണ്ടു ലക്ഷത്തിലേറെ രൂപയാണ് ഓരോ വിളക്കുകാലിനും വേണ്ടി ചെലവിട്ടത്. തുടക്കത്തിൽ നഗരത്തിലാകെ വെളിച്ചം പരന്നെങ്കിലും ചുരുങ്ങിയ നാളുകൾക്കുള്ളിൽ ലൈറ്റുകൾ ഓരോന്നായി അണഞ്ഞു. സൗരോർജ സംവിധാനത്തിന്റെ അറ്റകുറ്റപണിയും ബാറ്ററികൾ മാറ്റിവയ്ക്കുന്നതുമടക്കമുള്ള പ്രവൃത്തികളിൽ നിന്ന് കെഎസ്ടിപി അധികൃതർ പെട്ടെന്നുതന്നെ പിൻവലിഞ്ഞതോടെ വിളക്കുകാലുകളെല്ലാം അനാഥമായി. വിളക്കുകാലുകളുടെ താഴെനിന്ന് ബാറ്ററികൾ മോഷ്ടിക്കപ്പെട്ട സംഭവങ്ങൾ പോലുമുണ്ടായി. പ്രവർത്തനരഹിതമായ സൗരോർജപാനലുകൾക്കു കീഴെ കാക്കകൾ കൂടുകൂട്ടി.
കാഞ്ഞങ്ങാട് നഗരത്തിൽ മാത്രമല്ല കാസർഗോഡ് വരെയുള്ള സംസ്ഥാനപാതയിലുടനീളം സ്ഥാപിച്ച സൗരോർജവിളക്കുകൾക്കെല്ലാം ഇതേ ഗതിയായിരുന്നു. ഉദുമയ്ക്കും പാലക്കുന്നിനുമിടയിൽ കലുങ്കിന്റെ സ്ലാബ് തകർന്നതും റോഡിൽ വ്യാപകമായി ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടതുമടക്കമുള്ള പരാതികളും ബാക്കിയാണ്.
ഏതാനും മാസങ്ങൾ മാത്രം പ്രവർത്തിച്ച സൗരോർജ വിളക്കുകളാണ് കഷ്ടിച്ച് അഞ്ചുവർഷം തികയാറാകുമ്പോഴേക്കും പൂർണമായും ഇളക്കി മാറ്റുന്നത്. ഇവ സ്ഥാപിച്ച സമയത്ത് എട്ടുലക്ഷം രൂപ ചെലവിട്ട് നഗരമധ്യത്തിലെ ഡിവൈഡറുകളിൽ സ്ഥാപിച്ച പുൽത്തകിടിയും പൂച്ചെടികളും ചുരുങ്ങിയ നാളുകൾക്കുള്ളിൽ നശിച്ചു. ഇതിനെക്കുച്ചൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമോ നടപടികളോ ഉണ്ടായില്ല. ഇനി വരുന്ന വൈദ്യുത വിളക്കുകൾക്കും പൂച്ചെടികൾക്കും ഇതേ ഗതിയുണ്ടാവരുതേയെന്ന പ്രാർഥന മാത്രമാണ് ഇപ്പോൾ നാട്ടുകാർക്കുള്ളത്.