ലഹരി വിമുക്ത സമിതി രൂപീകരിച്ചു
1479223
Friday, November 15, 2024 5:23 AM IST
ചിറ്റാരിക്കാൽ: ജില്ലാ പോലീസിന്റെ സേഫ് കാസർഗോഡ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഓരോ പഞ്ചായത്തിലെയും ഒരു വാർഡ് ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ലഹരി വിമുക്ത സമിതി രൂപീകരിച്ചു.
ചിറ്റാരിക്കാൽ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഗോക്കടവ് ഉദയ ആട്സ് ക്ലബ് വായനശാലയിൽ നടന്ന യോഗത്തിൽ സിഐ രാജീവൻ വലിയവളപ്പിൽ, എസ്ഐ അരുണൻ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ സജയൻ, വായനശാല പ്രസിഡന്റ് ഷിജിത്ത് കുഴുവേലിൽ, സെക്രട്ടറി രാമചന്ദ്രൻ കുത്തൂർ, ജയിംസ് പുതുശേരി, ടോം വേലംകുന്നേൽ, ശശീന്ദ്രൻ, ചാക്കോ തെന്നിപ്ലാക്കൽ, ജോയി പെരക്കോട്ടിൽ, മൈക്കിൾ ഇടമുള എന്നിവർ പ്രസംഗിച്ചു.
പ്രവാസി സമൂഹത്തേയും കുടുംബങ്ങളെയും കേന്ദ്രീകരിച്ചും യുവാക്കളെയും വനിതകളെയും വിദ്യാർഥികളെയും മുൻനിർത്തിയും ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണം, നിരീക്ഷണം, നിയമ സഹായം എന്നിവയും സമിതിയുടെ നേതൃത്വത്തിൽ നടത്തും.