ജോലി തട്ടിപ്പിനിരയായ യുവതിയുടെ അമ്മ തൂങ്ങിമരിച്ച നിലയില്‍
1479320
Friday, November 15, 2024 10:20 PM IST
കാസര്‍ഗോഡ്: മുന്‍ ഡിവൈഎഫ്ഐ നേതാവ് സചിത റൈയുടെ ജോലിതട്ടിപ്പിനിരയായ യുവതിയുടെ അമ്മ തൂങ്ങിമരിച്ച നിലയില്‍. ബദിയഡുക്ക പള്ളത്തടുക്ക നെല്ലിക്ലായയിലെ അരവിന്ദാക്ഷന്റെ ഭാര്യ സരോജിനിയാണ് (50) മരിച്ചത്. അരവിന്ദാക്ഷന് സൊസൈറ്റിയില്‍ പാല് കൊടുക്കാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് സരോജിനിയെ വീടിനോട് ചേര്‍ന്നുള്ള ഷെഡിൽ മരിച്ചനിലയില്‍ കാണപ്പെട്ടത്.
മക്കള്‍: അമൃത, അനിത, അനീഷ. മരുമകന്: വിജിന്. സരോജിനിയുടെ മൂത്തമകള്‍ അമൃതയ്ക്ക് സിപിസിആര്‍ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് സചിത റൈ 12.70 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. സംഭവത്തില്‍ അമൃതയുടെ പരാതിയില്‍ ബദിയഡുക്ക പോലീസ് സചിതക്കെതിരെ കേസെടുത്തിരുന്നു. സ്വന്തം ആഭരണങ്ങളും വിറ്റും പണയംവച്ചും മറ്റുള്ളവരോട് കടം വാങ്ങിയുമാണ് സചിതയ്ക്ക് പണം കൊടുത്തത്.
ചതിയില്‍പെട്ടെന്ന് ബോധ്യപ്പെട്ടതോടെ സരോജിനി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. 12 പേരില്‍ നിന്നായി അഞ്ചു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സചിത അറസ്റ്റിലായി കൈക്കുഞ്ഞിനോടൊപ്പം കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.