മധൂരിൽ ഹരിതകർമസേനയുടെ കണക്കുകളിൽ അഞ്ചുലക്ഷം രൂപയുടെ ക്രമക്കേട്
1479857
Sunday, November 17, 2024 7:25 AM IST
കാസർഗോഡ്: മധൂർ പഞ്ചായത്തിൽ ഹരിതകർമസേന ശേഖരിച്ച് സ്വകാര്യ കമ്പനിക്ക് കൈമാറിയ മാലിന്യത്തിന്റെ കണക്കിൽ അഞ്ചുലക്ഷം രൂപയുടെ ക്രമക്കേട്. തദ്ദേശ സ്വയംഭരണ വകുപ്പ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്കാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കൈമാറിയത്. സ്വകാര്യ കമ്പനിക്ക് മാലിന്യം കൈമാറിയതിൽ അഴിമതിയുണ്ടെന്നാരോപിച്ച് നേരത്തേ എൽഡിഎഫും യുഡിഎഫും പഞ്ചായത്ത് ഓഫീസ് മാർച്ച് അടക്കമുള്ള സമരപരിപാടികൾ നടത്തിയിരുന്നു.
കാലങ്ങളായി ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന മധൂർ പഞ്ചായത്ത് ഭരണസമിതി വിവാദച്ചുഴിയിലായിട്ട് നാളുകളായി. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് വോട്ടർ പട്ടികയുടെ പകർപ്പെടുത്തതിൽ ലക്ഷങ്ങളുടെ ക്രമക്കേടുണ്ടായതായി ആരോപണമുയർന്നിരുന്നു. ഇതിന്റെ ഉത്തരവാദിത്വം സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്കാണെന്നു ചൂണ്ടിക്കാട്ടി പ്രസിഡന്റും ഭരണസമിതിയും തലയൂരാൻ ശ്രമിച്ചതിനു പിന്നാലെയാണ് ഹരിതകർമസേനയുമായി ബന്ധപ്പെട്ടും ആരോപണമുയർന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. ആരോപണങ്ങൾക്കു പിന്നാലെ തൃശൂർ ആസ്ഥാനമായ കമ്പനിയെ മാലിന്യശേഖരണത്തിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ അടക്കമുള്ളവരെ മാറ്റി ഭരണസമിതി അഴിച്ചുപണിയാൻ ബിജെപി ജില്ലാ നേതൃത്വം ശ്രമിച്ചിരുന്നെങ്കിലു പർട്ടിക്കുള്ളിലെ പ്രശ്നങ്ങളും ആർഎസ്എസ് ഇടപെടലും മൂലം അതും നടപ്പായില്ല.