പ്ലാസ്റ്റിക് കവറുകള്‍ കത്തിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന പരാതി അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്
1479534
Saturday, November 16, 2024 6:47 AM IST
കാസര്‍ഗോഡ്: നനഞ്ഞ പ്ലാസ്റ്റിക് കവറുകള്‍ കത്തിച്ചുകളയാന്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ നിര്‍ദേശം നല്‍കിയെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് വാസ്തവമാണെന്ന് കണ്ടാല്‍ ബന്ധപ്പെട്ട ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
പുത്തിഗെ പഞ്ചായത്ത് സെക്രട്ടറിക്കാണ് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്‍കിയത്. പഞ്ചായത്തിലെ ഹരിതകര്‍മസേന എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ടുപോകാറില്ലെന്ന് ആരോപിച്ച് കുമ്പള എടനാട് സ്വദേശി ഇസ്സകുഞ്ഞി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
മറുപടിയായി പുത്തിഗെ പഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപണം നിഷേധിച്ചു. പരാതിയുള്ള സ്ഥലത്തെ മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്തിട്ടുണ്ടെന്നും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സീതാംഗോളി ടൗണിലെ മാലിന്യംനിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ സിസിടിവി കാമറ സ്ഥാപിക്കാന്‍ 86,000 രൂപയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. സീതാംഗോളി ടൗണില്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയ നാലു പ്രധാന നിയമ ലംഘനങ്ങള്‍ക്ക് 30,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. സീതാംഗോളി പരിസരം വൃത്തിയാക്കിയതിന്റെ ചിത്രങ്ങളും ഹാജരാക്കി.
എന്നാല്‍ പരിസരമലിനീകരണത്തിനെതിരെ പരാതി നല്‍കിയതിന് തനിക്ക് പെട്ടികട അനുവദിച്ചില്ലെന്നും ഭിന്നശേഷിക്കാരനായ തനിക്ക് പെട്ടികട അനുവദിക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്നും പരാതിക്കാരനായ ഇസ്സകുഞ്ഞി അറിയിച്ചു.