വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണം: സ്പീക്കർ
1479855
Sunday, November 17, 2024 7:25 AM IST
കാഞ്ഞങ്ങാട്: വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താൻ നിരന്തരശ്രമങ്ങൾ ആവശ്യമാണെന്നും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. എസ്വൈഎസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മാനവസഞ്ചാരത്തിന്റെ ഉദ്ഘാടനം കാസർഗോട്ട് നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളും മുന്നോട്ടു വെക്കുന്നത് സ്നേഹത്തിന്റെ ഭാഷയാണ്. അതുൾകൊണ്ട് ജീവിച്ചാൽ സമൂഹം സമാധാനത്തിൽ പുലരും. മുനമ്പം വിഷയത്തിൽ വർഗീയ ധ്രുവീകരണമാണ് ചിലർ ലക്ഷ്യം വെക്കുന്നത്. ജുഡീഷ്യറിയുടെ ദൗത്യം എക്സിക്യൂട്ടീവ് നിർവഹിക്കരുതെന്നും പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും പ്രതീക്ഷയെന്ന വികാരമാണ് ജനങ്ങളെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ അധ്യക്ഷത വഹിച്ചു.
കർണാടക ന്യൂനപക്ഷക്ഷേമ മന്ത്രി സമീർ അഹ്മദ് ഖാൻ മുഖ്യാതിഥിയായി. യാത്രാനായകൻ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശപ്രഭാഷണം നടത്തി. എംഎൽഎമാരായ എ.കെ.എം. അഷ്റഫ്, എൻ.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാൽ, ഫാ. ജേക്ബ് തോമസ്, സ്വാമി പ്രേമാനന്ദ, കല്ലട്ര മാഹിൻ ഹാജി, കരീം ചന്തേര എന്നിവർ പ്രസംഗിച്ചു.