പോലീസ് മർദനത്തിന്റെയും കള്ളക്കേസിന്റെയും വെളിപ്പെടുത്തലുമായി ആറളം സ്വദേശി
1590654
Thursday, September 11, 2025 12:53 AM IST
കണ്ണൂർ: പത്തുവർഷം മുന്പ് പോലീസിൽനിന്ന് നേരിടേണ്ടി വന്ന ക്രൂരമർദനത്തെക്കുറിച്ചും പോലീസ് തനിക്കെതിരെ വധശ്രമത്തിന് കള്ളക്കേസ് എടുത്ത് വർഷങ്ങളോളം പീഡിപ്പിച്ചതും വെളിപ്പെടുത്തി സർക്കാർ ജീവനക്കാരനും അമ്മയും.
ആറളം സ്വദേശിയും വടകര നഗരസഭയിലെ സീനിയർ ക്ലർക്കുമായ ആശാരിപറന്പിൽ എ.എസ്. വിനീതും (44) അമ്മ രമണിയുമാണ് പോലീസ് ക്രൂരതയുടെ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. 10 വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ പോലീസ് ഉന്നയിച്ച കൊലപാതക കേസ് കെട്ടിച്ചമച്ചതായിരുന്നു എന്ന് കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ കഴിഞ്ഞ മാസം 26 ന് തലശേരി കോടതി വിനീതിനെ വെറുതെ വിടുകയായിരുന്നു.
2015 സെപ്റ്റംബർ 12 ന് എടൂരിൽ വച്ചായിരുന്നു കേസിനും തുടർന്നുള്ള പോലീസ് മർദനത്തിനും ആസ്പദമായ സംഭവം. അന്ന് ആറളം ഗ്രാമ പഞ്ചായത്ത് ക്ലർക്കായിരുന്ന വിനീത് കടയിൽനിന്ന് സാധങ്ങൾ വാങ്ങി ഇറങ്ങുന്നതിനിടെ മദ്യപിച്ച് വാഹനം ഓടിച്ചുവെന്ന് ആരോപിച്ച് അന്നത്തെ ആറളം എസ് ഐ കെ.വി. സ്മിതേഷ് കേസെടുത്തു. തുടർന്നുള്ള വാക്കുതർക്കത്തിൽ എസ്ഐ ടോർച്ചുകൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.
എന്നാൽ എസ്ഐയെ കൈയേറ്റം ചെയ്തുവെന്ന് കാണിച്ച് ഇരിട്ടി സിഐയുടെ നിർദേശപ്രകാരം അന്നത്തെ ഇരിട്ടി എസ്ഐ സുധീർ കല്ലന്റെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ കസ്റ്റഡിയിലെടുത്ത് ആറളം പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയി. സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പോലീസ് വാഹനത്തിൽവച്ചും മർദിച്ചു.
വധശ്രമക്കേസ് ഉൾപ്പെടെ
ഏഴു ക്രിമിനൽ കേസുകൾ
എസ് ഐയെ കൊല്ലാൻ ശ്രമിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത പ്രതിയുമായി സ്റ്റേഷനിലേക്ക് പോകുന്നതിനിടെ പ്രതി വാഹനത്തിൽ വച്ച് പോലീസുകാരെ ആക്രമിച്ചുവെന്നും പോലീസ് വാഹനം കാനയിലേക്ക് മറിഞ്ഞ് പോലീസുകാർക്ക് മരണംവരെ സംഭവിക്കാവുന്ന തരത്തിലുള്ള കാര്യങ്ങളാണ് പ്രതി ചെയ്തതെന്നും രേഖപ്പെടുത്തിയാണ് പോലീസ് കേസ് ചാർജ് ചെയ്തത്.
കൊലപാതക ശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസുകൾ എടുത്തത്. തുടർന്ന് ദൃക്സാക്ഷികൾ ഉൾപ്പെടെ 300 ഓളം നാട്ടുകാർ പോലീസ് സ്റ്റേഷനിൽ എത്തി വിനീതിനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണമെന്നാവശ്യപ്പെട്ടു. ഇതേത്തുടർന്ന് വൈദ്യപരിശാധനയ്ക്ക് ഇരിട്ടിയിലേക്ക് കൊണ്ടു പോകുന്നതിനിടെയും പോലീസിനെ മർദിച്ചു.
വൈദ്യപരിശോധന സമയത്ത് ഡോക്ടറുൾപ്പടെയുള്ളവരെയും ഭീഷണിപ്പെടുത്തിയെന്നും പ്രതിയുടെ ആക്രമണത്തിൽ ഏഴു പോലീസുകാർക്ക് പരിക്കേറ്റെന്നും കാണിച്ചായിരുന്നു പോലീസ് കേസെടുത്തത്.
പ്രതിയുടെ ആക്രമണത്തിൽ ഏഴു പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് കാണിച്ച് ഡോക്ടറുടെ സർട്ടിഫിക്കറ്റും പോലീസ് നേടിയെടുത്തു. തുടർന്ന് ഇരിട്ടി സ്റ്റേഷനിൽ എത്തിച്ച് അടിവസ്ത്രം മാത്രം ധരിപ്പിച്ച് വിലങ്ങുവച്ച ശേഷം എല്ലാവരും ചേർന്ന് ചവിട്ടിയും അടിച്ചും മർദിച്ചുവെന്നാണ് വിനീത് പറയുന്നത്. പോലീസുകാരനെ കത്തികാണിച്ച് കൊല്ലാൻ ശ്രമിച്ചു, കൈകാണിച്ചിട്ട് വാഹനം നിർത്താതെപോയി ഉൾപ്പെടെ ഏഴോളം കേസുകളാണ് ചുമത്തിയത്.
മുളക് തേച്ചും പീഡനം
കസ്റ്റഡി മർദനത്തെ തുടർന്ന് അവശനായി കിടന്നുപോയ തന്റെ ശരീരത്തിൽ ജോസഫ് എന്ന പോലീസുകാരൻ അരച്ച മുളകുമായി വന്നു കണ്ണിലും മുഖത്തും തേച്ചു. കോടതിയിൽ ഹാജരാക്കാതെ അന്ന് പകൽ മുഴുവൻ സ്റ്റേഷനിലെ സെല്ലിൽ കിടത്തിയ ശേഷം രാത്രിയിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി. മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തതിനെ തുടർന്ന് നാലാം ദിവസം കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
പോലീസ് മർദനത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ജയിൽ സൂപ്രണ്ടുതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് നാലു ദിവസത്തോളം ചികിത്സ നൽകുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ മുളക് തേച്ച പോലീസുകാരനെ ഇരിട്ടി ടൗണിൽ വച്ച് കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചെന്ന മറ്റൊരു കള്ളക്കേസു കൂടി പോലീസ് ചുമത്തിയെന്നും വിനീത് പറഞ്ഞു.
പോലീസുകാരനെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം
2015 ഫെബ്രുവരി 12 ന് ഭാര്യാ ബന്ധുവായ ശ്രീഗീത് എന്ന പോലീസുകാരനെതിരെ അവിഹിതത്തിന് പരാതി നല്കാൻ താനും അമ്മയും കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ എത്തിയതു മുതൽ പോലീസ് വൈരാഗ്യബുദ്ധിയോടെ പ്രവർത്തിച്ചു തുടങ്ങിയെന്നാണ് വിനീത് പറയുന്നത്. സ്റ്റേഷനിൽ വച്ചുതന്നെ മൂന്നു പോലീസുകാർ തന്നെയും അമ്മയെയും മർദിച്ചു.
പിന്നീടൊരിക്കൽ റേഷൻ വാങ്ങി ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ ആറളം എസ്ഐ ഉണ്ണികൃഷ്ണനും ചില പോലീസുകാരും വാഹന പരിശോധന എന്ന പേരിൽ വാഹനം തടഞ്ഞു നിർത്തി. ചെറിയ മൊബൈൽ ഫോൺ ചേർത്ത് പിടിച്ച് ചെവിയടക്കി അടിച്ചു പരിക്കേൽപ്പിച്ചു. കർണപുടത്തിന് തകരാറ് സംഭവിച്ചതിനെ തുടർന്ന് കേൾവി ശക്തി പൂർണമായും നഷ്ടപ്പെടുകയും ചെയ്തു. തന്നെ ആക്രമിച്ച പോലീസുകാർക്ക് എതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്ത വിനീത് കഴിഞ്ഞ 10 വർഷമായി നിയമ പോരാട്ടത്തിന്റെ വഴിയിലാണ്.
പോലീസ് വാദങ്ങൾ പൊളിയുന്നു
2015 ലെ സംഭവത്തിൽ പോലീസ് ഉന്നയിച്ച കൊലപാതക ശ്രമം ഉൾപ്പടെ പ്രതിക്ക് നേരെ ആരോപിച്ച കുറ്റങ്ങളും തെളിവുകളും എല്ലാം കെട്ടിച്ചമച്ചതായിരുന്നുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. 2015 സെപ്റ്റംബർ രാത്രി 11.30 ന് വിനീതിനും ഏഴു പോലീസുകാരെയും ഒരേപോലെ പരിശോധിച്ച് സർട്ടിഫിക്കറ്റുകൾ നൽകിയതു മുതൽ ഓവുചാൽ ഇല്ലാത്ത സ്ഥലത്ത് വാഹനം ഓവുചാലിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കുമായിരുന്നു എന്നതുൾപ്പെടെ വ്യാജമായി തീർത്ത തെളിവുകൾ ആണെന്ന് കോടതി കണ്ടെത്തി.
പോലീസ് ആദ്യം ചുമത്തിയ മൂന്നു കേസുകൾ വിചാരണയ്ക്ക് പോലും എടുക്കാതെ കോടതി തള്ളി. ബാക്കിയുള്ള കേസുകളിൽ പോലീസുകാർ ഹാജരാകാത്തതിനാൽ കേസ് നീണ്ടു പോകുകയാണ്. ഇതുസംബന്ധിച്ച് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും നടപടികളുണ്ടായില്ല. തന്നെ ഉപദ്രവിച്ചവരിൽ പലരും സർവീസിൽനിന്ന് വിരമിച്ചു. മർദനത്തിലെ പ്രധാന പ്രതിയായ കെ.വി. സ്മിതേഷിനെതിരെ സമാന രീതിയിലുള്ള നിരവധി സ്വകാര്യ അന്യായങ്ങളും എഫ്ഐആറും ഉണ്ടെന്ന് വിനീത് പറഞ്ഞു.