സിപിഎം നിയന്ത്രണത്തിലെ മത്സ്യത്തൊഴിലാളി സഹ. സംഘം വായ്പാ തട്ടിപ്പ്: മുൻ സെക്രട്ടറി അറസ്റ്റിൽ
1590653
Thursday, September 11, 2025 12:53 AM IST
കണ്ണൂർ: ആയിക്കരയിലെ സിപിഎം നിയന്ത്രണത്തിലുള്ള മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ നടന്ന വായ്പാ തട്ടിപ്പ് കേസിൽ മുൻ സെക്രട്ടറി അറസ്റ്റിൽ. മരക്കാർകണ്ടി ശ്രീ സാന്ദ്രത്തിൽ എൻ. സുനിതയെയാണ് (45) സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജമായി നിർമിച്ച സേവിംഗ്സ് അക്കൗണ്ടിലൂടെയും തന്റെ ബന്ധുക്കളുടെ പേരിൽ വിവിധ ബാങ്കുകളിൽ തുടങ്ങിയ അക്കൗണ്ടുകളിലൂടെയുമാണ് സുനിത സംഘത്തിന്റെ പണം മാറ്റിയത്.
സംഭവം വിവാദമായതിനെ തുടർന്ന് ഇവരെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുന്നതിന്റെ തലേദിവസം വരെ ഇത്തരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ജി. സന്തോഷ് കുമാര്‍ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ഇരുപത് വർഷങ്ങൾക്കു മുന്‍പ് മരിച്ചവരുടെ പോലും ജാമ്യക്കാരായി ചേർത്ത് വായ്പാ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു.
രണ്ടായിരത്തിലധികം മത്സ്യതൊഴിലാളികൾ അംഗങ്ങളായുള്ള സൊസൈറ്റിയിൽ നിക്ഷേപം നടത്തിയവർ പരാതിയുമായി എത്തിയതിനെ തുടർന്നാണ് പോലീസ് ഇന്നലെ സുനിതയെ അറസ്റ്റ് ചെയ്തത്. അതേ സമയം സുനിതയെ കൂടാതെ ഭരണസമിതി അംഗങ്ങൾക്കും ഇതിൽ പങ്കുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. സിറ്റി സ്റ്റേഷൻ എസ്എച്ച്ഒ സനൽകുമാറിന്റെ മേൽനോട്ടത്തിൽ എസ്ഐ കെ.കെ.രേഷ്മ, എസ്ഐ രാജീവൻ, എഎസ്ഐ അജിത, സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ്, സിപിഒ മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.