വീട്ടിൽ എംഡിഎംഎ; യുവാവ് അറസ്റ്റിൽ
1590651
Thursday, September 11, 2025 12:53 AM IST
തലശേരി: വീട്ടിൽ എംഡിഎംഎ സൂക്ഷിച്ചു വച്ച യുവാവ് അറസ്റ്റിൽ. നിട്ടൂർ കുന്നോത്ത് ഗുംട്ടിയിലെ ബൈത്തുൽ റുക്സാനയിൽ ഫായിസ് ഇബ്ൻ ഇബ്രാഹിമിനെയാണ് (29) ധർമടം എസ്ഐ ഷജീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വീട്ടിൽനിന്ന് 27. 55 ഗ്രാം എംഡിഎംയും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ച വച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. വിൽപനയ്ക്കും ഉപയോഗത്തിനുമായാണ് എംഡിഎംഎ സൂക്ഷിച്ചതെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയത്. പിടികൂടിയ എംഡിഎംഎയക്ക് വിപണിയിൽ ഏകദേശം ഒരു ലക്ഷത്തോളം രൂപ വില വരും. തലശേരി എഎസ്പി പി.ബി. കിരണിന്റെ നിർദേശപ്രകാരമായിരുന്നു പോലീസ് വീട്ടിൽ പരിശോധന നടത്തിയത്.
എഎസ്ഐമാരായ ഷനോജ്, മുഹമ്മദ്, സീനിയർ സിവിൽ പോലീസ് ഓഫിസർ ഷിനു, സിവിൽ പോലീസ് ഓഫിസർ രമ്യ, ഡാൻസാഫ് ടീമിലെ എഎസ്ഐ ശ്രീജേഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർ മിഥുൻ, എഎസ്പി സ്വകാഡ് അംഗങ്ങളായ ഹിരൺ, ശ്രീലാൽ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.