മട്ടന്നൂരിൽ ജ്വല്ലറി ഉടമകൾ കോടികൾ തട്ടി മുങ്ങി
1590649
Thursday, September 11, 2025 12:53 AM IST
മട്ടന്നൂർ: പഴയ സ്വർണം നിക്ഷേപം നടത്തിയാൽ പണം ഈടാക്കാതെ അതേ തൂക്കത്തിൽ പുതിയ സ്വർണം നൽകുമെന്നും ആഴ്ചയിലും മാസത്തിലുമായി നിശ്ചിത തുക നിക്ഷേപിച്ചാൽ മുൻകൂറായി സ്വർണം നൽകുമെന്നും വാഗ്ദാനം ചെയ്ത് ജ്വല്ലറി ഉടമകൾ കോടികൾ തട്ടി മുങ്ങിയതായി പരാതി. പരാതിയിൽ മട്ടന്നൂർ-തലശേരി റോഡിലെ മൈ ഗോൾഡ് ജ്വല്ലറി പാർട്ണർമാരായ മുഴക്കുന്ന് സ്വദേശി തഫ്സീർ ഉൾപ്പടെ ആറുപേർക്കെതിരേ മട്ടന്നൂർ പോലീസ് കേസെടുത്തു.
തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനുള്ളിൽ മട്ടന്നൂർ സ്റ്റേഷനിൽ 56 പരാതികളാണ് ലഭിച്ചത്. നാലു കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികൾ ഒളിവിലാണെന്നും ഇവർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പടെ പുറപ്പെടുവിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും മട്ടന്നൂർ ഇൻസ്പെക്ടർ എം.അനിൽ പറഞ്ഞു.
20 കോടിയുടെയെങ്കിലും തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥാപനം ഏതാനും ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജ്വല്ലറിയിൽ പോലീസ് പരിശോധന നടത്തിയിരുന്നു. സിസിടിവി കാമറകൾ അടക്കം പ്രതികൾ ഇവിടെ നിന്ന് മാറ്റിയതായാണ് വിവരം. മട്ടന്നൂരിലും തൃശൂരിലുമുള്ള ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ വഞ്ചിച്ചെന്നും പരാതിയുണ്ട്. 98 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ പരാതിയുമായി എത്തിയിട്ടുണ്ട്.