പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്‍ഡ്: നഗരസഭ അടിയന്തര കൗണ്‍സിലിൽ ബഹളം
1590646
Thursday, September 11, 2025 12:53 AM IST
പയ്യന്നൂര്‍: പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത് പയ്യന്നൂർ മുനിസിപാലിറ്റി അടിയന്തര കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും ബഹളവും.
നിർമാണ പ്രവൃത്തി ഒരാഴ്ചയ്ക്കകം തുടങ്ങുമെന്ന് ചെയർപേഴ്സൺ യോഗത്തെ അറിയിച്ചതിനു പിന്നാലെയാണ് ബഹളം ആരംഭിച്ചത്.
മുപ്പതു വര്‍ഷമായി തുടങ്ങിയ പദ്ധതി ഇന്നും യാഥാര്‍ഥ്യമായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.കെ.ഫല്ഗുനന് ചൂണ്ടിക്കാട്ടി. 2014-ല്‍ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. എന്നാല്‍ പിന്നീട് 2025 - ലാണ് രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വൈസ് ചെയര്മാന് പി.വി.കുഞ്ഞപ്പന്, സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വിശ്വനാഥന് തുടങ്ങിയവരും കോണ്‍ഗ്രസ് അംഗം മണിയറ ചന്ദ്രനുമടക്കം സംസാരിക്കാന്‍ തുടങ്ങിയതോടെ യോഗം ബഹളത്തില്‍ മുങ്ങുകയായിരുന്നു.
രണ്ടര പതിറ്റാണ്ടിലേറെയായുള്ള സ്റ്റാൻഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി കടമ്പകള്‍ വഴിമുടക്കിയായതും രണ്ടാംഘട്ട പ്രവര്ത്തിയുദ്ഘാടനം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞിട്ടും നിര്‍മ്മാണമാരംഭിക്കാന്‍ കഴിയാത്ത അവസ്ഥയും ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.