കത്തോലിക്കാ എയ്ഡഡ് സ്കൂളുകളോടുള്ള നീതി നിഷേധത്തിനെതിരേ കളക്ടറേറ്റ് മാർച്ച് 12ന്
1590647
Thursday, September 11, 2025 12:53 AM IST
കണ്ണൂർ: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കത്തോലിക്കാ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരോട് പുലർത്തുന്ന നീതി നിഷേധത്തിനെതിരേ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 12 ന് ഉച്ചയ്ക്ക് 2.30-ന് കളക്ടറേറ്റ് മാർച്ച് നടത്തും. കണ്ണൂർ, കോട്ടയം, തലശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാർച്ചിൽ 500 ലേറെ അധ്യാപകർ പങ്കെടുക്കും. സ്റ്റേഡിയം കോർണറിൽ നിന്നാരംഭിക്കുന്ന പ്രതിഷേധറാലി കാൽടെക്സ് ജംഗ്ഷൻ ചുറ്റി കളക്ടറേറ്റ് പടിക്കലെത്തും.
തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മാർച്ച് ഉദ്ഘാടനം ചെയ്യും. കണ്ണൂർ രൂപത സഹായ മെത്രാൻ മാർ ഡെന്നിസ് കുറുപ്പശേരി, തലശേരി അതിരൂപത കോർപറേറ്റ് മാനേജർ റവ. ഡോ. സോണി വർഗീസ് വടശേരിൽ, കണ്ണൂർ രൂപത കോർപറേറ്റ് മാനേജർ മോൺ. ക്ലാരൻസ് പാലിയത്ത്, കോട്ടയം അതിരൂപത ശ്രീപുരം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോയി കട്ടിയാങ്കൽ തുടങ്ങിയവർ പ്രസംഗിക്കും.
ഭിന്നശേഷിക്കാർക്ക് നാലു ശതമാനം സംവരണം ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് എൻഎസ്എസ് മാനേജ്മെന്റ് കോടതിയെ സമീപിക്കുകയും അനുകൂലവിധി നേടുകയും ചെയ്തു. സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും വിധി ബാധകമാണെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുള്ളതാണ്. നാലു മാസത്തിനകം നിലവിലെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് ഹൈക്കോടതി വിധി നിലവിലുണ്ട്. കോടതി വിധികളെ കാറ്റിൽ പറത്തുന്നതിനെതിരേയാണ് സമരത്തിനിറങ്ങുന്നതെന്ന് കണ്ണൂർ രൂപത കോർപറേറ്റ് മാനേജർ മോൺ. ക്ലാരൻസ് പാലിയത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഭിന്നശേഷി സംവരണം നടപ്പാക്കാൻ തയാറാണെന്ന് ക്രിസ്ത്യൻ മാനേജ്മെന്റുകൾ
സർക്കാരിന് നേരത്തേ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കോടതി വിധി പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ലഭ്യമായവരെ നിയമിക്കുകയും ചെയ്തു. ഭിന്നശേഷി അധ്യാപകരെ പൂർണമായി നിയമിക്കാതെ മാനേജ്മെന്റ് നിയമിച്ച അധ്യാപക നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകില്ലെന്ന പിടിവാശിക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.
2018 മുതൽ 2021 വരെയുള്ള കാലഘട്ടത്തിലെ അധ്യാപക നിയമനങ്ങൾ താത്ക്കാലികമായാണ് അംഗീകരിച്ചിരിക്കുന്നത്. 2021 നുശേഷം മാനേജ്മെന്റ് നിയമിച്ചവരെ ദിവസ വേതനക്കാരായി സർക്കാർ മാറ്റിയിരിക്കുകയാണ്. ആകെ 17000 ത്തോളം അധ്യാപകരാണ് നിയമന പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നത്.
മാർച്ചിനും ധർണയ്ക്കും ടീച്ചേഴ്സ് ഗിൽഡ് തലശേരി അതിരൂപത പ്രസിഡന്റ് ജിനിൽ മാർക്കോസ്, ടീച്ചേഴ്സ് ഗിൽഡ് കണ്ണൂർ രൂപത പ്രസിഡന്റ് ബിജു ഓളാട്ടുപുറം, അതിരൂപത സെക്രട്ടറി റോബിൻ എം. ഐസക്, സംസ്ഥാന സമിതിയംഗം മാത്യു ജോസഫ്, റിൻസി ഏബ്രഹാം, നോർത്ത് സോൺ വൈസ് പ്രസിഡന്റ് ജിമ്മി സൈമൺ, തലശേരി അതിരൂപത ട്രഷറർ ജോയ്സ് സക്കറിയാസ് തുടങ്ങിയവർ നേതൃത്വം നൽകും.
പത്രസമ്മേളനത്തിൽ ടീച്ചേഴ്സ് ഗിൽഡ് തലശേരി അതിരൂപത സംസ്ഥാന പ്രതിനിധി മാത്യു ജോസഫ്, ടീച്ചേഴ്സ് ഗിൽഡ് അതിരൂപത സെക്രട്ടറി റോബിൻ ഐസക് എന്നിവരും പങ്കെടുത്തു.