ഓട്ടോയിൽ മദ്യവില്പന; യുവാവ് പിടിയിൽ
1574180
Tuesday, July 8, 2025 10:21 PM IST
പഴയങ്ങാടി: ഓട്ടോയിൽ സഞ്ചരിച്ച് മദ്യവില്പന നടത്തുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാട്ടൂലിലെ സ്റ്റേവി ജോസിനെയാണ് (40) പഴയങ്ങാടി എസ്ഐ കെ. സുഹൈലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി പത്തോടെ മാട്ടൂൽ സൗത്ത് മടക്കര റോഡിൽ അസ്വാഭാവിക നിലയിൽ ഓട്ടോറിക്ഷ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഓട്ടോയിൽ നിന്ന് 15 കുപ്പി വിദേശ മദ്യവും 12 ഒഴിഞ്ഞ മദ്യകുപ്പികളും 5,220 രൂപയും പിടികൂടി. ഓട്ടോ റിക്ഷയും കസ്റ്റഡിയിലെടുത്തു. ജൂണിയർ എസ്ഐ പി. മൻസൂർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രിയങ്ക, മിഥുൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.