മായം കലർന്ന വെളിച്ചെണ്ണ വിപണി കീഴടക്കുന്നു
1573620
Monday, July 7, 2025 1:24 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: വെളിച്ചെണ്ണ വില കുതിക്കുന്നതിനൊപ്പം മായം കലർന്ന വെളിച്ചെണ്ണയുടെ കച്ചവടം സംസ്ഥാനത്ത് വ്യാപിക്കുന്നു. റിഫൈനറിയിൽ ശുദ്ധീകരിച്ചെടുക്കുന്ന വെളിച്ചെണ്ണ കൊപ്ര വെളിച്ചെണ്ണയ്ക്കൊപ്പം കലർത്തിയുള്ള വില്പനയാണ് വ്യാപകം.
കൊപ്രയിൽ നിന്നെടുത്ത വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 480 രൂപയാണ് വില. എന്നാൽ റിഫൈനറിയിൽനിന്ന് ശുദ്ധീകരിച്ചെത്തിക്കുന്ന വെളിച്ചെണ്ണ 380 രൂപയ്ക്ക് എത്തിക്കുകയാണ്.
പിണ്ണാക്ക്, ചതച്ച കൊപ്ര എന്നിവ കാലിത്തീറ്റയ്ക്കായി ഇറക്കുമതി ചെയ്ത് വൻകിട റിഫൈനറികളിൽ എത്തിച്ചാണ് റിഫൈൻഡ് വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നത്. ചൂടാക്കി എടുക്കുന്നതിനാൽ ജലാംശമോ കനപ്പോ ഉണ്ടാകില്ല. പൂപ്പലും കനപ്പും ബാധിച്ച പിണ്ണാക്കിൽ നിന്നെടുക്കുന്ന ശുദ്ധീകരിച്ച വെളിച്ചെണ്ണ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വെളിച്ചെണ്ണ മാത്രമല്ല സൂര്യകാന്തി, പാം ഓയിലുകളും പിണ്ണാക്ക് ഇറക്കുമതിയിലൂടെ എത്തിച്ച് റിഫൈനറികളിൽ ശുദ്ധീകരിച്ച് ഭക്ഷ്യആവശ്യത്തിനായുള്ള എണ്ണയിൽ കലർത്തി വിൽക്കുകയാണ്. ഒരു ടാങ്ക് കൊപ്ര വെളിച്ചെണ്ണയിൽ മൂന്ന് ടാങ്ക് റിഫൈനറി വെളിച്ചെണ്ണ ചേർത്തുള്ള എണ്ണക്കച്ചവടം വ്യാപകം.
വ്യവസായ ആവശ്യത്തിനായാണ് റിഫൈനറികളിൽനിന്ന് ശുദ്ധീകരിച്ച വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നത്. സോപ്പ് നിർമാണത്തിനും ഇത് ഉപയോഗിക്കുന്നു. വൻകിട സ്ഥാപനങ്ങൾക്ക് കയറ്റുമതിക്കു തുല്യമായ അളവിൽ ഇറക്കുമതിക്ക് അനുവാദമുണ്ട്. ഈ സൗകര്യം ഉപയോഗിച്ചാണ് പിണ്ണാക്ക് ഇറക്കുമതി നടത്തുന്നത്.
കൊപ്ര വെളിച്ചെണ്ണയിൽ റിഫൈനറി വെളിച്ചെണ്ണ ചേർത്താൽ സാധാരണ ഗുണനിലവാര പരിശോധനയിൽ കണ്ടെത്താനാകില്ല. സ്വർണത്തിന്റെ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഹാൾ മാർക്ക് പരിശോധനയിലൂടെ മാത്രമേ റിഫൈനറി വെളിച്ചെണ്ണ ചേർത്തിട്ടുണ്ടോയെന്ന് തിരിച്ചറിയാനാകൂ. അതിനാൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയിൽ പരാജയപ്പെടുന്നു.
ഈ സൗകര്യം ഉപയോഗിച്ചാണ് സംസ്ഥാനത്ത് വില്പന നടത്തുന്ന കൊപ്ര വെളിച്ചെണ്ണയിൽ റിഫൈനറി വെളിച്ചെണ്ണ ചേർത്തു വിൽക്കുന്നത്. വെളിച്ചെണ്ണയ്ക്ക് അഞ്ചു ശതമാനമാണ് നികുതി. റിഫൈനറി വെളിച്ചെണ്ണയ്ക്ക് 18 ശതമാനം നികുതിയുണ്ട്. രണ്ടും കൂട്ടിച്ചേർത്ത് വിൽക്കുന്നതിലൂടെ നികുതി വെട്ടിപ്പും നടക്കുന്നു. റിഫൈനറി വെളിച്ചെണ്ണയുടെ ജിഎസ്ടിയുടെ എച്ച്എസ്എൻ കോഡ് മാറ്റണമെന്നാണ് കേരളത്തിലെ വെളിച്ചെണ്ണ വ്യാപാരികളുടെ ആവശ്യം.
വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്ന് കാലിത്തീറ്റയുടെ പേരിൽ ഇറക്കുമതി ചെയ്യുന്ന പിണ്ണാക്കിൽനിന്ന് ഉത്പാദിപ്പിക്കുന്ന റിഫൈനറി വെളിച്ചെണ്ണ കേരളത്തിലെ കേരകർഷകർക്ക് തിരിച്ചടിയാണ്. മാത്രമല്ല ഉപയോക്താക്കൾ കബളിപ്പിക്കലിന് ഇരയാകുകയും ചെയ്യുന്നു. കർഷക താത്പര്യങ്ങൾക്ക് തിരിച്ചടിയുമാണ്. അതിനാൽ കൊപ്ര വെളിച്ചെണ്ണയിൽ റിഫൈനറി വെളിച്ചെണ്ണ ചേർത്ത് വിറ്റ് തട്ടിപ്പു നടത്തുന്നതു കണ്ടു പിടിക്കാൻ സംസ്ഥാന വ്യാപകമായി പരിശോധന നടത്തണമെന്ന് കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തലത്ത് മഹമൂദ് ആവശ്യപ്പെട്ടു.
ഇതിനു പുറമേ ക്രൂഡ് ഓയിലിനെ കൂടുതൽ പ്രോസസ് ചെയ്ത് ശുദ്ധീകരിച്ചും റിഫൈൻഡ് വെളിച്ചെണ്ണ എത്തുന്നുണ്ട് . ഇതിൽ നിന്നും ദുർഗന്ധം, നിറം, രുചി എന്നിവ മാറ്റുന്നു. രാസവസ്തുക്കൾ ഉപയോഗിച്ച് സ്വതന്ത്ര ഫാറ്റി ആസിഡുകളെ നിർവീര്യമാക്കി ബ്ലീച്ച് ചെയ്ത് നിറം മാറ്റി ഡിയോഡറൈസ് ചെയ്ത് ദുർഗന്ധം കളഞ്ഞാണ് ഇത് ഉത്പാദിപ്പിക്കുന്നത്.
വെളിച്ചെണ്ണയെന്ന പേരിൽ പെട്രോളിയം ഉത്പന്നമായ പാരഫിൻ ഓയിൽ ചേർത്തുള്ള ഇതര സംസ്ഥാന ആയുർവേദിക് ഹെയർ ഓയിലുകളും വിപണിയിൽ വ്യാപകമാണ്. പാരഫിൻ ഓയിൽ 96 ശതമാനം വരെയും നാലുശതമാനം വെളിച്ചെണ്ണയും ചേർത്തതായി ലേബലിൽ പറയുന്നുണ്ട്. എന്നാൽ മലയാളത്തിൽ വലിയ അക്ഷരത്തിൽ വെളിച്ചെണ്ണയിൽ തയാറാക്കിയതെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
96 ശതമാനം പാരഫിൻ ഓയിൽ ചേർത്തിട്ടുള്ള വിവരം വായിക്കാൻ കഴിയാത്തവിധം ചെറിയ അക്ഷരത്തിലാണ് എഴുതിയിട്ടുള്ളത്. ഈ തട്ടിപ്പ് പുറത്തുകൊണ്ടുവരാനായി ആരോഗ്യവകുപ്പും ഡ്രഗ്സ് കൺട്രോളർ വിഭാഗവും സംയുക്ത പരിശോധന നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.