ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ് നടത്തി
1573613
Monday, July 7, 2025 1:23 AM IST
ഇരിട്ടി: വനമഹോത്സവ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ സ്പെഷൽ ഡ്യൂട്ടിയുടെ നേതൃത്വത്തിൽ എടത്തൊട്ടി, ഡീ പോൾ ആർട്സ് ആൻഡ് സയൻസ് കോളജ് എൻഎസ്എസ് വോളന്റിയർമാരെ പങ്കെടുപ്പിച്ച് വിത്തേറ്, മുളത്തൈ നടീൽ എന്നിവ സംഘടിപ്പിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ ഉദ്ഘാടനം ചെയ്തു.
അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, സ്പെഷൽ ഡ്യൂട്ടി സ്റ്റാഫ്, വാച്ചർമാർ, ആറളം ഇക്കോ ഡവലപ്മെന്റ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മുപ്പതോളം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ 400 മുളത്തൈകൾ നട്ടു പിടിപ്പിച്ചു. ആഞ്ഞിലി, പ്ലാവ്, പൂവം, പുന്ന തുടങ്ങിയ വൃക്ഷങ്ങളുടെ വിത്ത് ബോളുകൾ വനത്തിൽ നിക്ഷേപിച്ചു.
വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് "മിഷൻ ഫുഡ്, ഫോഡർ ആൻഡ് വാട്ടർ'. വനത്തിൽ വന്യമൃഗങ്ങൾക്ക് ജല ലഭ്യതയും ഭക്ഷണ ലഭ്യതയും വർധിപ്പിക്കുകയാണ് മിഷന്റെ ലക്ഷ്യം. വിത്തൂട്ടിന്റെ ഭാഗമായാണ് വന-ഫലവൃക്ഷങ്ങളുടെ വിത്തുകൾ വിത്തുണ്ടകളാക്കി വനത്തിൽ എറിയുന്നത്.