യംഗ് മൈൻഡ്സ് ഇന്റർനാഷണൽ എടൂർ ക്ലബിന്റെ സ്നേഹവീട് കൈമാറി
1573614
Monday, July 7, 2025 1:24 AM IST
ഇരിട്ടി: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ എടൂർ ക്ലബിന്റെ നേതൃത്വത്തിൽ എടൂരിലെ വിധവയായ അമ്മയും ഭിന്നശേഷിക്കാരിയായ മകളും അടങ്ങുന്ന കുടുംബത്തിനുവേണ്ടി നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. 'വീടില്ലാത്തവർക്ക് വീട്' പദ്ധതിപ്രകാരം യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ക്ലബിന്റെ വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വീട് നിർമിച്ചത്.
യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ക്ലബിന്റെ ദേശീയ പ്രസിഡന്റ് ഡോ. കെ.സി. സാമുവലും എടൂർ ഫൊറോന പള്ളി വികാരി ഫാ. തോമസ് വടക്കേമുറിയും ചേർന്ന് താക്കോൽദാനം നിർവഹിച്ചു.
തുടർന്ന് കുടുംബ സംഗമവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും പ്രോജക്ട് ഉദ്ഘാടനവും നടന്നു. വള്ളിത്തോട് സ്കൈ പാരഡൈസിൽ നടന്ന സംഗമത്തിൽ വൈഎംഐ എടൂർ ക്ലബ് പ്രസിഡന്റ് ജോജോ തോമസ് അധ്യക്ഷത വഹിച്ചു. ഇന്ത്യ ഏരിയ പ്രസിഡന്റ് ആന്റോ കെ ആന്റണി മുഖ്യാതിഥിയായിരുന്നു.
കെ.എം. സ്കറിയാച്ചൻ, മൈക്കിൾ കെ. മൈക്കിൾ, കെ. രഞ്ജിത് കുമാർ, ദേവമാതാ കോളജ് പ്രിൻസിപ്പൽ ഡോ. എം.ജെ. മാത്യു, എ. നാസർ, രാജേഷ് ഗോപാൽ, ഡോ. പി.വി. ഷിബു എന്നിവർ പ്രസംഗിച്ചു. വീട് നിർമാണ കമ്പിനി ഉടമ നിഷാദ് സെബാസ്റ്റ്യനെ ചടങ്ങിൽ ആദരിച്ചു.