സനാതന ധർമം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണം: ഗവർണർ
1573540
Sunday, July 6, 2025 8:06 AM IST
തളിപ്പറമ്പ്: എല്ലാ ക്ഷേത്രങ്ങളിലും നിർബന്ധമായും സനാതന ധർമം പഠിപ്പിക്കാൻ സ്കൂളുകൾ സ്ഥാപിക്കണമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കൂടാതെ ഗോശാലകളും ആശുപത്രിയും ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ വെങ്കല ശിവ ശില്പം അനാച്ഛാദനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗവർണർ.എനിക്കും എന്റെ കുടുംബത്തിനും ജീവിതത്തിലെ അഭിമാനകരമായ നിമിഷമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ അനാച്ഛാദനം ചെയ്യാൻ കിട്ടിയ അവസരമെന്നും ഗവർണർ പറഞ്ഞു.
ഇന്നലെ വൈകുന്നേരം ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ബിജു ടി.ചന്ദ്രശേഖരൻ, കമൽ കുന്നിരാമത്ത്, ടി.എസ്. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. 14 അടി ഉയരമുള്ള ശില്പം പ്രശസ്ത ശില്പി ഉണ്ണി കാനായി മൂന്നര വർഷമെടുത്താണ് പൂർത്തിയാ ക്കിയത്. 4200 കിലോയാണ് ശില്പത്തിന്റെ ഭാരം.
ആദ്യം കളിമണ്ണിൽ തീർത്ത ശില്പം പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത് മെഴുകിലേക്ക് രൂപമാറ്റം വരുത്തി വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയാ യിരുന്നു. ഒരു കൈ അരയിൽ ഊന്നി വലതുകൈ കൊണ്ട് അനുഗ്രഹിക്കുന്ന വിധത്തിലാണ് ശില്പം. കിഴക്കേനടയിൽ ആലിൻ ചുവട്ടിൽ സ്ഥാപിച്ച ശില്പത്തോടൊപ്പം മനോഹരമായ പൂന്തോട്ടവും അലങ്കാര ദീപങ്ങളും ഒരുക്കിയിട്ടുണ്ട്.